തിരുവനന്തപുരം: തിരുവനന്തപുരത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷം കയ്യാങ്കളിയിലെത്തിയതോടെ പതിനേഴുകാരൻ കൊല്ലപ്പെട്ടു. പെരിങ്ങമല സ്വദേശി ശിവസൂര്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് സുഹൃത്തുക്കളായ അജിത്, കാർത്തിക് എന്നിവരെ നരുവാമൂട് പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ വൈകിട്ടോടെ പുന്നമൂടാണ് സംഭവ. രണ്ട് ബൈക്കുകളിലായായിരുന്നു സംഘം സ്ഥലത്തെത്തിയത്. ഇതിന് പിന്നാലെ റോഡിന് സമീപം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ ശിവസൂര്യയെ സുഹൃത്തുക്കൾ പിടിച്ച് തള്ളുകയും റോഡിന് സമീപത്തെ തുണിക്കടയിലെ ചില്ലിലേക്ക് വീഴുകയുമായിരുന്നു. ഇതിനിടെ പൊട്ടിയ ചില്ല് ശിവസൂര്യയുടെ നെഞ്ചിൽ കയറി.
ഉടനെ അജിത്തും കാർത്തിക്കും ചേർന്ന് പരുക്കേറ്റ ശിവസൂര്യയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിടിയിലായ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.



















































