കൊച്ചി: എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ നടി അൻസിബ ഉന്നയിച്ച ആരോപണങ്ങൾ സിനിമാ മേഖലയിൽ ചർച്ചയാകുകയാണ്. അംഗങ്ങൾക്കിടയിലെ തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതി വേണമെന്ന അൻസിബയുടെ ആവശ്യത്തെ തുടർന്ന് രമേശ് പിഷാരടി, പൊന്നമ്മ ബാബു, മുത്തുമണി എന്നിവർ ഉൾപ്പെട്ട സമിതിക്ക് രൂപം നൽകി. പ്രസിഡന്റിനും സെക്രട്ടറിക്കും പുറമെയാണ് മൂന്ന് പേർ.
എന്നാൽ, സമിതിക്ക് മുന്നിൽ ഹാജരാകുമോ എന്ന കാര്യത്തിൽ അൻസിബ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ലക്ഷ്മിപ്രിയ തനിക്കെതിരെ പരാതി നൽകിയപ്പോൾ സംഘടന ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് അൻസിബ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അന്ന് “ഇത് സംഘടനയുടെ വിഷയമല്ല” എന്നായിരുന്നു പ്രസിഡന്റിന്റെ മറുപടിയെന്നും അവർ പറഞ്ഞിരുന്നു.
പിന്നീട് ഇതേ വിഷയത്തിൽ പ്രസിഡന്റ് തന്നെ പിന്തുണച്ചിരുന്നുവെന്ന് ലക്ഷ്മിപ്രിയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പറഞ്ഞതായി അൻസിബ ആരോപിച്ചു. ഇത്തരത്തിലുള്ള ഇരട്ടത്താപ്പ് നിലപാടുകൾ സ്വീകരിക്കുന്ന പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെട്ട സമിതിയിൽ എത്രത്തോളം വിശ്വാസമർപ്പിക്കാൻ കഴിയുമെന്ന കാര്യത്തിൽ സംശയമുണ്ടെന്നും അവർ വ്യക്തമാക്കി. ചാരിറ്റി പ്രവർത്തനങ്ങൾ മാത്രമല്ല, അംഗങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തവും സംഘടനയ്ക്കുണ്ടെന്നും അൻസിബ അഭിപ്രായപ്പെട്ടു.


















































