തിരുവനന്തപുരം: സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് പങ്കില്ലെന്ന ബിജെപി എംഎൽഎ വി.മുരളീധരന്റെ വിമര്‍ശനങ്ങള്‍ക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്. ആൻഡമാൻ ജയിലിൽ നിന്ന് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയ ചരിത്രമുള്ളവരാണ് കമ്യൂണിസ്റ്റുകാരുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ചോദ്യം ചെയ്യുന്നതെന്ന് അദ്ദേഹം സഭയിൽ തുറന്നടിച്ചു.
സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രവിരുദ്ധ പരാമർശങ്ങളുടെ അഭാവവും, വന്ദേമാതരം ഉൾപ്പെടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടി യുഡിഎഫ് സർക്കാരിനെതിരെയും അദ്ദേഹം ശക്തമായ വിമർശനം ഉന്നയിച്ചു. 1913 നവംബർ 14ന് ആൻഡമാൻ ജയിലിൽ വെച്ച് ഒരു നേതാവ് കണ്ണീരുകൊണ്ട് ബ്രിട്ടീഷുകാർക്ക് എഴുതിയ കത്തിന്റെ കാര്യം റിയാസ് സഭയിൽ ഓർമിപ്പിച്ചു.
സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ നിന്നും മാറിനിന്ന് ബ്രിട്ടീഷുകാരോട് പൂർണമായി സഹകരിക്കാമെന്ന് വ്യക്തമാക്കിക്കൊണ്ട് എഴുതിയ കത്താണത്. അതേ ആൻഡമാൻ ജയിലിൽ ഭീകരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങുകയും കൊടിയ പീഡനങ്ങൾ അനുഭവിക്കുകയും ചെയ്തവരാണ് കമ്യൂണിസ്റ്റുകാർ. ആൻഡമാൻ സെല്ലുലാർ ജയിലിലെ ശിലകളിൽ കൊത്തിവെച്ചിട്ടുള്ള രക്തസാക്ഷികളുടെ പേരുകളിൽ മഹാഭൂരിപക്ഷവും കമ്യൂണിസ്റ്റുകാരുടേതാണെന്നും, തങ്ങളുടെ പ്രസ്ഥാനത്തിന്റെ പങ്കെന്താണെന്ന് നാടിന് നന്നായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

















































