മഥുര: ആത്മീയ ഗുരുവെന്ന വ്യാജേന യുവതികളെ വലയിലാക്കി ലൈംഗികമായി ചൂഷണം ചെയ്യുകയും, ദൃശ്യങ്ങൾ ഉപയോഗിച്ച് ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഐഐടി ബിരുദധാരിയായ യുവാവ് അറസ്റ്റിൽ. 29-കാരനായ അഭിഷേക് മിശ്രയാണ് മഥുര പോലീസിന്റെ പിടിയിലായത്.
ഛത്തീസ്ഗഡിൽ നിന്നുള്ള 22-കാരിയായ ബി.എസ്.സി നഴ്സിങ് വിദ്യാർഥിനി മെയ് 25-ന് നൽകിയ പരാതിയെ തുടർന്നാണ് ഇയാൾക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്.
ഒഡീഷ സ്വദേശിയായ അഭിഷേക് മിശ്ര സാമൂഹിക മാധ്യമങ്ങളിൽ ‘ആദികർത്താ നാരായണ ദാസ്’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഐഐടി റൂർക്കിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ഇയാൾ കഴിഞ്ഞ നാല് വർഷമായി മഥുരയിലെ രാധാകുഞ്ച് മേഖലയിൽ ‘കഥാവാചക്’ എന്ന നിലയിൽ സ്വയം അവതരിപ്പിച്ചുവരികയായിരുന്നു.
‘രാധാ കൃപാ അമൃത’ എന്ന യൂട്യൂബ് ചാനലിലൂടെ ഹിന്ദിയിലും ഇംഗ്ലീഷിലുമായി ആത്മീയ പ്രഭാഷണങ്ങൾ നടത്തിയിരുന്ന ഇയാൾ, ലിങ്ക്ഡ്ഇനിലും വ്യാജ പേരിൽ പ്രൊഫൈൽ സൂക്ഷിച്ചിരുന്നു. പ്രത്യേകിച്ച് എൻജിനീയറിങ് പശ്ചാത്തലമുള്ള യുവതികളെ ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ ഓൺലൈൻ പ്രവർത്തനങ്ങളെന്ന് പോലീസ് പറഞ്ഞു.
ഭക്തിപരമായ വീഡിയോകളിലൂടെ യുവതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം, കുടുംബങ്ങളിൽ നിന്ന് അകറ്റി തന്റെ കൂടെ താമസിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി. മഥുരയിലെ താമസസ്ഥലത്ത് ഒരേസമയം 24-ഓളം യുവതീ യുവാക്കൾ താമസിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
പുരാതന ഹൈന്ദവ ആചാരപ്രകാരമുള്ള ‘ഗാന്ധർവ്വ വിവാഹം’ വാഗ്ദാനം ചെയ്താണ് ഇയാൾ യുവതികളെ വലയിലാക്കിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് മയക്കുമരുന്ന് കലർത്തിയ പാൽ പ്രസാദമെന്ന പേരിൽ നൽകി ബോധരഹിതരാക്കിയ ശേഷം ലൈംഗിക പീഡനത്തിന് ഇരകളാക്കുകയും , സംഭവങ്ങളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പിന്നീട് ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തിയിരുന്നതെന്നും പോലീസ് വ്യക്തമാക്കി. വലിയ കമ്പനികളിൽ ജോലി ചെയ്യുന്ന എൻജിനീയർമാരെയും മറ്റ് പ്രൊഫഷണലുകളെയും കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനങ്ങൾ.
മകന്റെ പെരുമാറ്റത്തിൽ അസ്വസ്ഥയായ സ്വന്തം അമ്മ പോലും പിന്നീട് ഇയാളെ ഉപേക്ഷിച്ച് പോയതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ആദ്യം വാടകവീട്ടിലായിരുന്ന അഭിഷേക് മിശ്ര പിന്നീട് സ്വന്തമായി വീട് നിർമിച്ച ശേഷമാണ് അവിടെ വെച്ച് ഈ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.


















































