കോട്ടയം: ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ച രണ്ടര പവൻ സ്വർണമാല നഷ്ടപ്പെട്ടതിന്റെ വേദനയിൽ ആയിരുന്നു വാകത്താനം സ്വദേശിനി ലീലാമ്മ രാജുവും കുടുംബവും. എന്നാൽ ദിവസങ്ങൾക്കുള്ളിൽ പ്രതികളെ കണ്ടെത്തി മാല തിരിച്ചുപിടിച്ചതോടെ ആശ്വാസമായത് കുടുംബത്തിനും അന്വേഷണസംഘത്തിനുമാണ്.
മേയ് 25-ന് രാവിലെ വെട്ടിക്കലുങ്ക് ഭാഗത്ത് ലീലാമ്മയും ഭർത്താവ് രാജുവും നടത്തുന്ന മാടക്കടയിലേക്കാണ് പ്രതി സ്കൂട്ടറിൽ എത്തിയത്. ആദ്യം ചായ വാങ്ങി കുടിച്ച ഇയാൾ പിന്നീട് കപ്പയും വാങ്ങി. മറ്റൊരാൾ കൂടി എത്താനുണ്ടെന്ന് പറഞ്ഞ് ഫോണിൽ സംസാരിച്ചും പരിസരത്ത് കറങ്ങിയും ഏകദേശം ഒരു മണിക്കൂറോളം സമയം ചെലവഴിച്ചു. ഇതോടെ കടയുടമകളുടെ സംശയവും അകന്നു.
അൽപസമയത്തിന് ശേഷം വീണ്ടും കപ്പ ആവശ്യപ്പെട്ടതോടെ അത് എടുക്കാനായി കടയ്ക്ക് പുറത്തേക്ക് ഇറങ്ങിയ ലീലാമ്മയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടര പവൻ സ്വർണമാല ഒറ്റവലിക്ക് പൊട്ടിച്ചെടുത്ത് ഇയാൾ സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെ തുടർന്ന് ലീലാമ്മയും ഭർത്താവും പോലീസിൽ പരാതി നൽകി. കേസെടുത്ത വാകത്താനം പോലീസ് സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പരിശോധിച്ചു. അന്വേഷണത്തിനിടെ ഹെൽമറ്റ് ധരിച്ച ഒരാൾ നീല നിറത്തിലുള്ള സ്കൂട്ടർ നിർത്തി ഒരു സ്ത്രീയെ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
തുടർന്ന് മേയ് 31-ന് കോട്ടയം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ സ്കൂട്ടർ പാർക്ക് ചെയ്ത ശേഷം ഹെൽമറ്റ് മാറ്റുന്ന ദൃശ്യങ്ങളിൽ നിന്ന് പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് തിരിച്ചറിഞ്ഞു. ഒപ്പമുണ്ടായിരുന്ന സ്ത്രീയെക്കുറിച്ചുള്ള അന്വേഷണമാണ് കേസിൽ നിർണായക വഴിത്തിരിവായത്.
സ്ത്രീ പാമ്പൂരംപാറ സ്വദേശിനിയും പുതുപ്പള്ളി പെട്രോൾ പമ്പ് ജീവനക്കാരിയുമായ ധന്യയാണെന്ന് കണ്ടെത്തിയ പോലീസ്, ഇവരെ ചോദ്യം ചെയ്തതോടെയാണ് മുഖ്യപ്രതിയായ കുറിച്ചി ഇത്തിത്താനം വിഷ്ണുഭവനിൽ വിഷ്ണു അനിൽകുമാറിലേക്കെത്തിയത്.
നിരവധി മോഷണക്കേസുകളിലെ പ്രതിയായ വിഷ്ണു അനിൽകുമാർ (36), സുഹൃത്തായ പനച്ചിക്കാട് പാത്താമുട്ടം വാലുചിറ ധന്യ (41) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
വാകത്താനം ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്കിന്റെ നേതൃത്വത്തിൽ സി.പി.ഒ.മാരായ ജോജി സെബാസ്റ്റ്യൻ, വി.സി. അനീഷ് ചന്ദ്രൻ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.



















































