തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ 39 വർഷങ്ങൾക്ക് ശേഷം കേരള നിയമസഭയ്ക്ക് ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കറെ ലഭിച്ചു.
നടന്ന വോട്ടെടുപ്പിൽ 99 വോട്ടുകൾ നേടിയാണ് ഷാനിമോൾ ഉസ്മാൻ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹസിന് 34 വോട്ടുകളാണ് ലഭിച്ചത്. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. യുഡിഎഫ് എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, സന്ദീപ് വാര്യർ എന്നിവരും ഇടത് എംഎൽഎ സി.കെ ഹരീന്ദ്രനും സഭയിൽ ഹാജാരായില്ല. എൻഡിഎയുടെ മൂന്ന് എംഎൽഎമാരും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഷാനിമോൾ ഉസ്മാൻ പിന്നീട് കോൺഗ്രസ് സംഘടനയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു. വനിതാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായും ആലപ്പുഴ നഗരസഭ അധ്യക്ഷയായും പ്രവർത്തിച്ച അനുഭവസമ്പത്തുണ്ട്. 2019-ൽ അരൂർ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് അവർ ആദ്യമായി നിയമസഭയിലെത്തിയത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും അരൂരിൽ നിന്ന് വിജയിച്ച് സഭയിലെത്തി.
2019-ൽ അരൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് മണ്ഡലം നേടിയെങ്കിലും 2021-ൽ എൽഡിഎഫ് അത് തിരിച്ചുപിടിച്ചിരുന്നു. എന്നാൽ 2026-ൽ ഷാനിമോൾ ഉസ്മാനിലൂടെ യുഡിഎഫ് വീണ്ടും മണ്ഡലം സ്വന്തമാക്കി. 9,324 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
1966-ൽ ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ച ഷാനിമോൾ ഉസ്മാൻ ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയിട്ടുണ്ട്. അഭിഭാഷകയായും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകയായും ദീർഘകാലമായി സജീവമാണ്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഷാനിമോളുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.


















































