ജയ്പൂർ: രാജസ്ഥാനിലെ അജ്മീർ ജില്ലയിൽ മുൻ സർപഞ്ചായിരുന്ന രാം സിംഗ് ചൗധരിയെയും കുടുംബത്തിലെ മൂന്ന് പേരെയും കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിൽ 17 കാരൻ. ആദ്യം കാർ അപകടമെന്ന നിലയിൽ റിപ്പോർട്ട് ചെയ്ത സംഭവം പിന്നീട് പോലീസ് അന്വേഷണത്തിൽ ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. സ്വത്ത് തർക്കം, കുടുംബത്തിലെ ദീർഘകാല കലഹം, മാസങ്ങളോളം നടത്തിയ ആസൂത്രണം എന്നിവയാണ് കേസിന്റെ പിന്നിലെ പ്രധാന കാരണങ്ങളായി അന്വേഷണസംഘം വ്യക്തമാക്കുന്നു.
തുടക്കത്തിൽ കത്തിനശിച്ച കാർ അപകടത്തിൽപ്പെട്ടതായി കരുതിയെങ്കിലു രാം സിംഗ് ചൗധരിയുടെ 17 വയസുള്ള മകന്റെ പെരുമാറ്റത്തിൽ നിന്നാണ് ആദ്യ വഴിത്തിരിവ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. രാം സിംഗ്, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ സുർഗ്യാൻ, അമ്മ പുസി ദേവി, മരുമകൾ മഹിമ എന്നിവരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ വാഹനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അസുഖബാധിതയായ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കാർ തീപിടിച്ച് അപകടമുണ്ടായതെന്നായിരുന്നു കുടുംബത്തിന്റെ പ്രാഥമിക വിശദീകരണം. എന്നാൽ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ ചില അസാധാരണതകൾ ശ്രദ്ധയിൽപ്പെട്ടു. അപകട സമയത്ത് കാറിന്റെ മുൻസീറ്റുകളിൽ ആരും ഉണ്ടായിരുന്നില്ലെന്നും, മൃതദേഹങ്ങൾ എല്ലാം പിൻഭാഗത്താണ് കണ്ടെത്തിയതെന്നും കണ്ടെത്തി. കൂടാതെ രാംസിംഗിന്റെ രണ്ടാംഭാപ്യ സർഗ്യാന്റെ ശരീരത്തിൽ തീപിടിത്തത്തിന് മുമ്പ് ഉണ്ടായ കുത്തേറ്റ പാടുകൾ കണ്ടെത്തിയത് കേസിനെ അപകടത്തിൽ നിന്ന് കൊലപാതകത്തിലേക്ക് തിരിച്ചു.
സംഭവത്തിന് പിന്നാലെ കുടുംബാംഗങ്ങൾ ദുഃഖത്തിലായിരിക്കെ, രാം സിംഗിന്റെ 17-കാരനായ മകന്റെ അസാധാരണ പെരുമാറ്റം പോലീസിന് സംശയമുണർത്തി. മറ്റ് ആളുകൾ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇയാൾ അത്യന്തം ശാന്തനായി ഇരിക്കുകയും അമ്മയെ ആശ്വസിപ്പിക്കുകയും ചായ കുടിക്കുകയും ചെയ്തുകൊണ്ടിരുന്നത് കണ്ടതോടെ പോലീസ് അവനെ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. പിന്നാലെ പോലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയതായി അന്വേഷണസംഘം വ്യക്തമാക്കി.
രാം സിംഗിന്റെ രണ്ടാം വിവാഹത്തിന് ശേഷമാണ് കുടുംബത്തിൽ ഭിന്നതകൾ ശക്തമായത്. പിതാവ് അമ്മയെ മോശമായി പെരുമാറുന്നുവെന്ന വികാരവും വീട്ടിലെ നിയന്ത്രണങ്ങളും കുട്ടികളിൽ വിരോധം വളർത്തിയതായി പോലീസ് കണ്ടെത്തി. കുടുംബം ശ്രീരാംപുറ ഗ്രാമത്തിലെ ഒറ്റപ്പെട്ട ഫാംഹൗസിലായിരുന്നു താമസം, രണ്ട് ഭാര്യമാരും അമ്മയും അനന്തരവളും ഒരുമിച്ച് താമസിച്ചിരുന്ന സാഹചര്യത്തിൽ സംഘർഷം വർഷങ്ങളായി നിലനിന്നിരുന്നുവെന്നാണ് വിവരം.
സംഭവത്തിന് ഏകദേശം അഞ്ച് മാസം മുമ്പ് തന്നെ 17കാരൻ കൊലപാതകം ആസൂത്രണം ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ക്രൈം വെബ് സീരിസുകളും പരിപാടികളും സ്ഥിരമായി കാണുകയും, ഓൺലൈൻ ഗെയിമുകളിൽ സമയം ചെലവഴിക്കുകയും ചെയ്ത ഇയാൾ കുറ്റകൃത്യങ്ങളും തെളിവ് നശിപ്പിക്കൽ മാർഗങ്ങളും പഠിച്ചിരുന്നുവെന്നും പോലീസ് ആരോപിക്കുന്നു.
സംഭവദിവസം രാത്രി രാം സിംഗും സർഗ്യാനും മദ്യപിച്ച് ഉറങ്ങാൻ പോയതിന് ശേഷം, പുലർച്ചെ നാല് മണിയോടെ യുവാവ് പിതാവിന്റെ മുറിയിൽ കയറി കത്തി കൊണ്ട് ആക്രമിച്ചു. ആക്രമണത്തിനിടെ സർഗ്യാൻ ഉണർന്ന് പ്രതികരിച്ചതോടെ സാഹചര്യം നിയന്ത്രണാതീതമായി മാറി. ശബ്ദം കേട്ട് എത്തിയ അമ്മ പൂസി ദേവിയും മഹിമയും ആക്രമണത്തിന് ഇരയായി. തുടർന്ന് ആദ്യഭാര്യയും സഹോദരിയും ചേർന്ന് ബാക്കിയുള്ളവരെ കൊലപ്പെടുത്താൻ സഹായിച്ചതായാണ് പോലീസ് പറയുന്നത്.
കൊലപാതകത്തിന് ശേഷം ഇത് അപകടമെന്ന രീതിയിൽ കാണിക്കാൻ മൃതദേഹങ്ങൾ കാറിൽ കയറ്റി തീകൊളുത്തിയതായും പോലീസ് വ്യക്തമാക്കി. എന്നാൽ കുത്തേറ്റ പാടുകളും കാറിലെ അസാധാരണമായ ഇരിപ്പിട ക്രമവും അന്വേഷണത്തിൽ നിർണായക തെളിവുകളായി മാറി. സംഭവത്തിന് ശേഷമുള്ള 17 കാരന്റെ അസാധാരണമായ ശാന്തതയാണ് കേസിന്റെ ചുരുൾ അഴിക്കാൻ വഴിതെളിച്ചതെന്നും പോലീസ് കൂട്ടിച്ചേർത്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യുന്നതായും അധികൃതർ അറിയിച്ചു.


















































