ടെഹ്റാൻ/വാഷിങ്ടൺ: ഇറാനിലെ ബുഷെഹർ പ്രവിശ്യയിൽ അമേരിക്കൻ യുദ്ധവിമാനം വെടിവെച്ച് വീഴ്ത്തിയെന്ന ഇറാനിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ശക്തമായി നിഷേധിച്ച് അമേരിക്ക ബുഷെഹർ പ്രദേശത്തിന് സമീപം ഒരു യുഎസ് വിമാനവും തകർത്തിട്ടില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ വെള്ളിയാഴ്ച പുലർച്ചെ പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഒരു ശത്രു വിമാനം ജാം മേഖലയ്ക്ക് സമീപം ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ച് തകർത്തുവെന്ന അവകാശവാദം ഉന്നയിച്ചത്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിമാനത്തെ വിജയകരമായി ലക്ഷ്യം വെച്ചതായി ജാം കൗണ്ടി ഗവർണർ മസൂദ് തംഗേസ്താനി പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. “വൈരിയായ വിമാനത്തെ വീഴ്ത്തിയ സംഭവം നടന്നുവെങ്കിലും പിന്നീട് സ്ഥിതി സാധാരണമായി” എന്നാണ് ടാസ്നിം വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തത്.
എന്നാൽ ഈ അവകാശവാദങ്ങൾ യുഎസ് തള്ളി. യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഇറാനിൽ ഒരു അമേരിക്കൻ വിമാനവും തകർക്കപ്പെട്ടിട്ടില്ലെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ വ്യക്തമാക്കി. സംഭവത്തെക്കുറിച്ചുള്ള ഇറാനിയൻ റിപ്പോർട്ടുകൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്.
അതേസമയം ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടയിലാണ് ഈ വിവാദം ഉയർന്നിരിക്കുന്നത്. അടുത്തിടെ അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ കരാർ നീട്ടുന്നതിനും ഹോർമൂസ് കടലിടുക്കിലെ കപ്പൽഗതാഗത നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനുമായി ചർച്ചകൾ പുരോഗമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ നിർദ്ദേശിത ധാരണയ്ക്ക് ഇതുവരെ അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അംഗീകാരം നിർണായകമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിനിടെ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പ്സ് (IRGC) ഹോർമൂസ് കടലിടുക്കിന് സമീപം പ്രവർത്തിച്ചിരുന്ന നാല് കപ്പലുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇവയിൽ ചില കപ്പലുകൾ അമേരിക്കയുമായി ബന്ധമുള്ളവയാണെന്നാണ് ആരോപണം.
അതേസമയം, ഇറാന്റെ സൈനിക ബന്ധമുള്ള എണ്ണവ്യാപാര ശൃംഖലയെ ലക്ഷ്യമിട്ട് അമേരിക്ക പുതിയ സാമ്പത്തിക ഉപരോധങ്ങളും പ്രഖ്യാപിച്ചു. യുഎസ് ട്രഷറി വകുപ്പ് അറിയിച്ചതു പ്രകാരം, ഇറാനിയൻ ക്രൂഡ് ഓയിൽ ഗതാഗതത്തിൽ പങ്കാളികളായ എട്ട് കപ്പലുകൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. മാർഷൽ ദ്വീപുകളിൽ രജിസ്റ്റർ ചെയ്ത ‘ഫ്ലോറ’, കോമൊറോസ് പതാകയിലുള്ള ‘ഹൗൻകായോ’, പനാമ പതാകയിലുള്ള ‘ഇൽ ഗ്യാപ്’ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇറാൻ എണ്ണവരുമാനം ഉപയോഗിച്ച് സൈനിക ശേഷി വർധിപ്പിക്കുന്നത് തടയുകയാണ് ഉപരോധങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി. ഇറാൻ അവരുടെ സൈനിക ശേഷി പുനർനിർമ്മിക്കാൻ എണ്ണവരുമാനം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തെ ചുറ്റിപ്പറ്റിയുള്ള പരസ്പരവിരുദ്ധമായ അവകാശവാദങ്ങൾ ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ ശക്തമാക്കുകയാണ്.
🚫CLAIM: Iran’s state TV claimed Iranian forces downed a U.S. aircraft near Bushehr. FALSE.
✅TRUTH: No U.S. aircraft were shot down. All U.S. air assets are accounted for. pic.twitter.com/2EaKJ2Fj3d
— U.S. Central Command (@CENTCOM) May 28, 2026
















































