കോഴിക്കോട്: 20 വർഷത്തിന് ശേഷം സൗദിയിൽ നിന്ന് ജന്മനാട്ടിൽ തിരിച്ചെത്തി അബ്ദുൽ റഹീം. കോഴിക്കോട്ടെ വീട്ടിൽ വൈകാരിക നിമിഷങ്ങളാണ് നടന്നത്. നാട്ടുകാരും ബന്ധുക്കളും ആവേശപൂർവം അദ്ദേഹത്തെ സ്വീകരിച്ചു. നിറകണ്ണുകളോടെ റഹീമിൻ്റെ ഉമ്മ മകനെ ചേർത്തുപിടിച്ചു. ഉമ്മയെ ചേർത്തുപിടിച്ച് റഹീം പൊട്ടിക്കരഞ്ഞു. ബന്ധുക്കളിൽ പലരും റഹീമിനെ ആദ്യമായിട്ടായിരുന്നു കാണുന്നത്. അവർക്ക്പോലും ആ നിമിഷം കണ്ണീരോടെയല്ലാതെ മറികടക്കാൻ ആയില്ല.
നാട്ടുകാർക്ക് കൈകാണിച്ച റഹിം സഹായിച്ച എല്ലാവരോടും നന്ദിപറഞ്ഞു. രാവിലെ 7.35ന് വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം അര മണിക്കൂറിന് ശേഷമാണ് വീട്ടിലെത്തിയത്. പെരുന്നാൾ ദിനത്തിൽ റഹീമിൻ്റെ ഉമ്മയ്ക്ക് മലയാളികൾ നൽകിയ സ്നേഹ സമ്മാനമായി ഇത് മാറി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിനെ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർത്തത് ചരിത്രമായിരുന്നു. സമാനതകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ അടയാളമായി 34 കോടി രൂപയാണ് ദയാധനമായി സമാഹരിച്ച് കോടതിയിൽ നൽകിയത്. ഇതേത്തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ വധശിക്ഷ കോടതി റദ്ദാക്കി. ഇന്നലെ ജയിൽ അധികൃതർ തന്നെയാണ് റഹീമിനെ നേരിട്ട് എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും കൂടെയുണ്ടായിരുന്നു. റഹീമിന്റെ ജയിൽ മോചന ഉത്തരവിൽ കഴിഞ്ഞ ദിവസമാണ് അധികൃതർ ഒപ്പുവെച്ചത്. റഹീമിനെ കുടുംബാംഗങ്ങളും റഹീം സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. സ്വീകരിക്കാൻ ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ളവരും വിമാനത്താവളത്തിൽ എത്തി. 2006 ൽ സൗദിയിൽ വെച്ച് നടന്ന കൊലപാതകത്തിൽ റഹീം പ്രതിചേർക്കപ്പെടുകയും തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെടുകയുമായിരുന്നു. കേസിൽ 20 വർഷത്തെ തടവുശിക്ഷ കാലാവധി അവസാനിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞത്.
















































