ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്റർ പോരാട്ടത്തിനിടെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബോളർമാരെ കണ്ടാൽ ഇത്തവണ പാവം തോന്നുമായിരുന്നു. എങ്ങനെ ബോളെറിഞ്ഞാലും വിശ്രമിക്കുക ഗ്യാലറിയിൽ. ക്രിസ് ഗെയ്ലിന്റെ 14 വർഷത്തെ റെക്കോർഡടക്കം പഴങ്കഥയാക്കിയ പോരാട്ടത്തിൽ 12 സിക്സറുകളും 5 ഫോറുകളും വെറും 5 സിംഗിളുകളുമടക്കം അടിച്ചുകൂട്ടിയത് 97 റൺസ്.
വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ രാജസ്ഥാൻ റോയൽസ് പരാജയപ്പെടുത്തിയത് 47 റൺസിന്. ഹൈദരാബാദിനെ ടോസ് ഭാഗ്യം ലഭിച്ചെങ്കിലും വിജയം രാജസ്ഥാനൊപ്പമായിരുന്നു. ആദ്യം ബാറ്റ് ചെയ്യാനായി കളത്തിലെത്തിയ രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് നേടി. 29 പന്തിൽ 97 റൺസെടുത്ത ബീഹാർ സ്വദേശിയായ വൈഭവ് സൂര്യവംശിയാണ് രാജസ്ഥാൻ നിരയിലെ ടോപ് സ്കോറർ.
രാജസ്ഥാൻ ബാറ്റിംഗ് നിരയിൽ ധ്രുവ് ജുറൽ 21 പന്തിൽ 50 റൺസടിച്ചപ്പോൾ യശസ്വി ജയ്സ്വാൾ 29 പന്തിൽ 29 റൺസും ക്യാപ്റ്റൻ റിയാൻ പരാഗ് 12 പന്തിൽ 26 റൺസും നേടി. 15 ഓവറിനുശേഷം തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായ രാജസ്ഥാന് അവസാന അഞ്ചോവറിൽ 36 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. ഹൈദരാബാദിനായി പ്രഫുൽ ഹിംഗെ 54 റൺസിന് 3 വിക്കറ്റെടുത്തപ്പോൾ നായകൻ പാറ്റ് കമിൻസ് നാലോവറിൽ 64 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.
244 റൺസിൻറെ ഹിമാലയൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദിനെ തുടക്കത്തിലെ ഞെട്ടിച്ച് ഓപ്പണർ അഭിഷേക് ശർമ നേരിട്ട രണ്ടാം പന്തിൽ തന്നെ ജോഫ്രെ ആർച്ചർ മടക്കി. എന്നാൽ ആദ്യ പന്ത് മുതൽ ആഞ്ഞടിച്ച ഇഷാൻ കിഷൻ 11 പന്തിൽ 33 റൺസെടുത്ത് രാജസ്ഥാൻറെ മനസിൽ തീ കോരിയിട്ടെങ്കിലും അതും അധികം നീണ്ടില്ല. ആർച്ചറുടെ അതിവേഗത്തിന് മുന്നിൽ കിഷനും പിഴച്ചു. 3 ഫോറും 3 സിക്സും പറത്തിയ കിഷൻ ഡൊണോവൻ ഫെരേരക്ക് ക്യാച്ച് നൽകി മടങ്ങി.
പിന്നാലെ വെടിക്കെട്ടിന് തുടക്കമിട്ട ട്രാവിസ് ഹെഡായിരുന്നു ആർച്ചറുടെ ഇര. ആർച്ചറുടെ അതിവേഗത്തിൽ ഹെഡ് (8 പന്തിൽ 17) ബൗൾഡായി മടങ്ങി. സ്മരൺ രവിചന്ദ്രനെ (1) നാന്ദ്രെ ബർഗർ മടക്കിയതോടെ പവർ പ്ലേയിൽ ഹൈദരാബാദ് 71 റൺസെടുത്തെങ്കിലും 4 വിക്കറ്റ് നഷ്ടമായി പതറി. അവസാന പ്രതീക്ഷയായ ഹെൻറിച്ച് ക്ലാസൻ (10 പന്തിൽ 18) തകർപ്പനടികളുമായി പ്രതീക്ഷ നൽകിയെങ്കിലും പവർ പ്ലേക്ക് പിന്നാലെ യാഷ്‌രാജ് പുഞ്ചുയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. ഇതോടെ 83-5ലേക്ക് വീണ് തോൽവി ഉറപ്പിച്ച ഹൈദരാബാദിനെ നിതീഷ് കുമാർ റെഡ്ഡിയുടെയും സലീൽ അറോറയുടെയും പോരാട്ടം 100 കടത്തി.
10 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 132 റൺസിലെത്തി പ്രതീക്ഷ കാത്ത ഹൈദരാബാദിനെ ഞെട്ടിച്ച് നിതീഷിനെ രവീന്ദ്ര ജഡേജയുടെ പന്തിൽ ദാസുൻ ഷനക വായുവിൽ പറന്നു പിടിച്ചു. 20 പന്തിൽ 38 റൺസടിച്ച നിതീഷ് മൂന്ന് ഫോറും രണ്ട് സിക്സും പറത്തി. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ പാറ്റ് കമിൻസിനെ (1) സുഷാന്ത് മിശ്ര ആർച്ചറുടെ കരങ്ങളിലെത്തിച്ചു. ഇതോടെ അവസാന പ്രതീക്ഷയും നഷ്ടമായ ഹൈദരാബാദിന് സലീൽ അറോറയുടെ (35)യും ശിവാംഗ് കുമാറിൻറെയും (24 പന്തിൽ 27) പോരാട്ടം മാനക്കേടിൽ നിന്ന് അൽപമെങ്കിലും കരകയറ്റി. രണ്ടാം ക്വാളിഫയറിൽ 29ന്ഗുജറാത്തിനെതിരെ രാജസ്ഥാൻ വീണ്ടും ഏറ്റുമുട്ടും.
















































