അഞ്ചൽ (കൊല്ലം): പോലീസുകാരന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ട് യുവതികളെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശിനിയായ ആരതി രാജ് (26)യും സുഹൃത്തായ ഇടുക്കി സ്വദേശിനി ഗായത്രി മോഹനൻ (26)യും ആണ് പിടിയിലായത്. പോലീസ് കസ്റ്റഡിയിലിരിക്കെ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച മുഖ്യപ്രതി ആരതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിവേകിന്റെ അഞ്ചലിലെ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രി തീകൊളുത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതികളുടെ ചിത്രങ്ങൾ വ്യക്തമായിരുന്നില്ല. തുടർന്ന് സംഭവസ്ഥലത്തെത്തിയ ഓട്ടോറിക്ഷയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച പോലീസ്, ഗൂഗിൾ പേ വഴി നൽകിയ പണമിടപാട് വിവരങ്ങൾ ശേഖരിച്ചു. ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള സാങ്കേതിക തെളിവുകൾ പരിശോധിച്ചാണ് പ്രതികളിലേക്കെത്തിയത്. പിന്നീട് തയ്യാറാക്കിയ ചിത്രങ്ങൾ ഓട്ടോഡ്രൈവർ തിരിച്ചറിഞ്ഞതോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
പോലീസ് അന്വേഷണത്തിൽ, അറസ്റ്റിലായ ആരതിയുമായി വിവേകിന്റെ വിവാഹനിശ്ചയം നേരത്തെ നടന്നിരുന്നുവെന്നും പിന്നീട് അത് മുടങ്ങിയതിനെ തുടർന്നുണ്ടായ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നുമാണ് കണ്ടെത്തൽ.
ശനിയാഴ്ച അഞ്ചലിലെത്തിയ യുവതികൾ പ്രദേശത്തെ ലൈബ്രറിക്ക് സമീപം ഒളിച്ചിരുന്ന ശേഷം രാത്രിയിൽ വിവേകിന്റെ വീട്ടിലെത്തി ബൈക്കിന് തീകൊളുത്തിയതായും പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് ഭീഷണിക്കത്തും ഉപേക്ഷിച്ചിരുന്നു. വീടിന്റെ പടികളിൽ കരിയോയിൽ ഒഴിച്ച നിലയും കണ്ടെത്തി. ഒരു വിദ്യാർഥി സംഘടനയുടെ പേര് കത്തിൽ ഉപയോഗിച്ചത് അന്വേഷണം തെറ്റിദ്ധരിപ്പിക്കാനായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണം പുരോഗമിക്കുകയാണ്.



















































