ഹൈദരാബാദ്: തെലങ്കാനയിൽ ആംബുലൻസ് ലഭിക്കാത്തതിനെത്തുടർന്ന് മൃതദേഹം തോളിലേന്തി നാല് കിലോമീറ്റർ നടന്ന് ബന്ധുക്കൾ. ഭദ്രാചലം സ്വദേശി കന്ദി വെങ്കണ്ണ (45) യാണ് സൂര്യഘാതമേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സമീപമുള്ള സർക്കാർ ആശുപത്രിയിലാണ് ഇയാൾ ചികിത്സയിൽ കഴിഞ്ഞിരുന്നത്.
ആശുപത്രിയിൽ ആംബുലന്‍സ് ഉണ്ടായിട്ടും നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതേ തുടർന്ന് നാല് കിലോമീറ്ററോളം ബന്ധുക്കളും നാട്ടുകാരും ചേർന്ന് മൃതദേഹം തോളിലേന്തി കൊണ്ടുപോകുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനിടെ സംഭവം രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചു. തെലങ്കാനയിലെ ആരോഗ്യമേഖലയുടെയും അടിയന്തര സേവനങ്ങളുടെയും നിലവിലെ അവസ്ഥയെ വിമർശിച്ച് ബി.ആർ.എസ് സർക്കാരിനെതിരെ രംഗത്തെത്തി.

















































