യു.പി: ഉത്തർപ്രദേശിലെ ഒരു ഗൈനക്കോളജിസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വ്യാപക ചര്‍ച്ചയ്ക്ക് ഇടയാക്കി. രാജസ്ഥാനിൽ നിന്നുള്ള 22-കാരിയായ യുവതി ആറാം തവണയാണ് ഗർഭിണിയായിരിക്കുന്നത്. 15-ാം വയസിൽ വിവാഹിതരായ ദമ്പതികൾക്ക് ഇതിനകം അഞ്ച് മക്കളുണ്ട്. നാല് പെൺമക്കളും ഒരു ആൺകുട്ടിയുമാണ് കുടുംബത്തിലുള്ളത്. ഇനി മറ്റൊരു ആൺകുഞ്ഞ് കൂടി വേണമെന്ന ആഗ്രഹത്തോടെയാണ് വീണ്ടും ഗർഭം ധരിച്ചതെന്ന് ദമ്പതികൾ വീഡിയോയിൽ പറയുന്നു.
ദമ്പതികളുടെ സമ്മതത്തോടെയാണ് വീഡിയോ പങ്കുവെച്ചതെന്ന് സ്പന്ദൻ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രഗ്യ തോമർ വ്യക്തമാക്കി. ‘എനിക്കെല്ലാം പെൺകുഞ്ഞുങ്ങളാണ് ജനിച്ചത്. ഒരു ആൺകുട്ടിയുണ്ട്. മറ്റൊരു ആൺകുട്ടി കൂടി വേണം’ എന്നാണ് യുവതി പറയുന്നത്. ‘കുടുംബത്തിന് താങ്ങാവാനും വംശപരമ്പര നിലനിർത്താനും ഒരു ആൺകുഞ്ഞ് മാത്രം പോര’ എന്നായിരുന്നു ഭർത്താവിന്റെ പ്രതികരണം.
വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയർന്നത്. കുടുംബം നോക്കാനും വംശപരമ്പര നിലനിർത്താനും ആൺമക്കൾ മാത്രം മതിയെന്ന മനോഭാവത്തിനെതിരെയാണ് പലരും പ്രതികരിച്ചത്.
അതേസമയം, ഇത്രയും ചെറുപ്പത്തിൽ ആവർത്തിച്ചുള്ള ഗർഭധാരണം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കാമെന്ന് ഡോക്ടർ ദമ്പതികൾക്ക് മുന്നറിയിപ്പ് നൽകി. ശ്വാസതടസം, തലകറക്കം, ശരീരവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നതായി യുവതി വ്യക്തമാക്കുന്നുണ്ട്. ക്ഷീണം, വിളർച്ച, പോഷകാഹാരക്കുറവ് എന്നിവയുടെ ലക്ഷണങ്ങളാകാം ഇതെന്ന് ഡോക്ടർ പറഞ്ഞു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ഇത് ഗുരുതരമായി ബാധിക്കാമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.
View this post on Instagram


















































