കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മുസ്‌ലിം ആരാധനാലയങ്ങൾക്ക് നേരെ വ്യാപകമായ ആക്രമണം. പള്ളികൾക്ക് നേരെയും വിശ്വാസികളുടെ വീടുകൾക്ക് നേരെയുമുള്ള അതിക്രമങ്ങൾ മൂന്ന് ദിവസംകൊണ്ട് വർധിച്ചെന്ന റിപ്പോർട്ട് മനുഷ്യാവകാശ സംഘടനയായ എപിസിആർ പുറത്തുവിട്ടു.
മെയ് നാല് മുതൽ ഏഴ് വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ബിജെപി പ്രവർത്തകർ വ്യാപക ആക്രമണം അഴിച്ചുവിടുന്നെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബംഗാളിൽ എട്ട് ജില്ലകളിൽ മാത്രം 34 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. കുച്ച് ബിഹാർ, നോർത്ത് 24 പർഗാനാസ്, സൌത്ത് 24 പർഗാനാസ്, കൊൽക്കത്ത, മുർഷിദാബാദ്, ഹൌറ എന്നിവിടങ്ങളിലാണ് വ്യാപക അക്രമണം.
ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് വിവരം. കുച്ച് ബിഹാറിലെ മുസ്‌ലിം പള്ളി തകർക്കാനെത്തിയ അക്രമിസംഘങ്ങളെ തടയുന്നതിനിടെ കൊല്ലപ്പെട്ട മുസ്ലിം വിശ്വാസിയും ഇതിൽ പെടും. വിശ്വാസികൾ, അവരുടെ വീടുകൾ, പള്ളികൾ, മാർക്കറ്റുകൾ എന്നിവ കൂടാതെ തൃണമൂൽ കോൺഗ്രസിന്‍റെ ഓഫീസിന് നേരെയും പ്രവർത്തകർക്ക് നേരെയും അക്രമങ്ങളുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. 54 കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും എപിസിആർ ചൂണ്ടിക്കാട്ടുന്നു.


















































