പുനലൂർ: ട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയായ 6 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടികൂടാൻ സഹായിച്ചത് കൊട്ടാരക്കര സ്വദേശിയായ വീണയുടെ സമയോചിതമായ ഇടപെടൽ. ഈ മാസം 7ന് പുലർച്ചെ ഒന്നോടെ പാലക്കാട്–തൂത്തുക്കുടി പാലരുവി എക്സ്പ്രസ് ട്രെയിനിൽ തെന്മലയിലായിരുന്നു സംഭവം. വീണ ഫോണിൽ ചിത്രീകരിച്ച പ്രതിയുടെ വീഡിയോയിലൂടെയാണ് കൊല്ലം അയത്തിൽ വടക്കേതിൽ ഗാന്ധിനഗർ 110ൽ എ. സാനിഷ് (46) പിടിയിലായത്.
സംഭവത്തെക്കുറിച്ച് വീണ പറയുന്നതിങ്ങനെ-
‘ഉറങ്ങുന്ന സമയത്ത് എന്നെയാണ് അയാൾ ആദ്യം ശല്യം ചെയ്തത്. എന്റെ കാലിൽ കാലുകൊണ്ട് സ്പർശിച്ചു. ഞാൻ ഉണർന്നു. അറിയാതെയാകുമെന്ന് ആദ്യം കരുതി. രണ്ടാമത് തട്ടിയപ്പോൾ ഞാൻ കാൽമാറ്റി. മൂന്നാമതും ഇതുതന്നെ ആവർത്തിച്ചപ്പോൾ ഞാൻ ദേഷ്യത്തോടെ എന്തിനാ തട്ടിയതെന്നു ചോദിച്ചു. അയാളുടെ സീറ്റിൽ കാൽ നിവർത്തി വച്ചോളാൻ പറഞ്ഞു. വേണ്ടെന്നു ഞാൻ പറഞ്ഞു. അയാൾ പെട്ടെന്നു ട്രെയിനിനു പുറകിലേക്കു പോയി. അവിടെ ഒരു കുടുംബം ഉറക്കത്തിലായിരുന്നു. അവരുടെ കുട്ടിയെ ബെഡ്ഷീറ്റോടെ എടുത്തു കൊണ്ടുവന്ന് മടിയിലിരുത്തി. അയാളുടെ സ്വന്തം കുട്ടിയാണെന്നാണ് ആദ്യം കരുതിയത്.
എന്നാൽ പെരുമാറ്റത്തിൽ സംശയം തോന്നിയപ്പോൾ ഞാൻ അടുത്തിരുത്ത ആളോട് ചോദിച്ചു. അയാളുടെ കുട്ടിയല്ലെന്ന് സഹയാത്രികൻ പറഞ്ഞു. ബെഡ്ഷീറ്റിന് അടിയിലൂടെ കുട്ടിയുടെ ദേഹത്ത് അയാൾ സ്പർശിക്കാൻ തുടങ്ങി. തെളിവിനായി ഞാൻ ഫോണിൽ വീഡിയോ ചിത്രീകരിച്ചു. കുട്ടിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ എന്നോട് ദേഷ്യപ്പെട്ടു. ഞാൻ വീഡിയോ കാണിച്ചുകൊടുത്തു. എന്നിട്ട് അടിയും കൊടുത്തു. ഇതോടെ ഇയാൾ ഇറങ്ങിയോടി. പിന്നീട് ഫോണിൽ പോലീസിനെ വിളിച്ചു.
അതേസമയം എടത്വാ പള്ളിയിൽ പോയി മടങ്ങുകയായിരുന്ന തെങ്കാശി സ്വദേശികളായ കുടുംബത്തിലെ പെൺകുട്ടിയെയാണ് ഇയാൾ ഉപദ്രവിച്ചത്. പെൺകുട്ടി മുത്തച്ഛനൊപ്പം ജനറൽ കംപാർട്ട്മെന്റിന്റെ തറയിൽ കിടന്നുറങ്ങുകയായിരുന്നു. വീണ ബഹളമുണ്ടാക്കിയതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ ഉണർന്ന് ഓടിയെത്തി. അപ്പോഴേക്കും പ്രതി അടുത്ത കംപാർട്ട്മെന്റിലേക്ക് കടന്നുകളഞ്ഞു. പ്രതിയുടെ ചിത്രം ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനു കൈമാറി. പിന്നാലെ പുനലൂർ റെയിൽവേ പോലീസിന് പുലർച്ചെ മൂന്നരയോടെ റിപ്പോർട്ട് നൽകുകയും ചെയ്തു.
എന്നാൽ പെൺകുട്ടിയും കുടുംബവും പരാതിക്കു തയാറാകാതെ തെങ്കാശിയിൽ ഇറങ്ങിയിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പുനലൂർ റെയിൽവേ പോലീസ് പ്രത്യേക ടീം രൂപീകരിച്ച് സാനിഷിനായി തിരച്ചിൽ ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതോടെ കഴിഞ്ഞ ദിവസം വൈകിട്ട് അയത്തിലുള്ള കോഴിക്കടയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പെൺകുട്ടിയും കുടുംബവും പ്രതിയെ തിരിച്ചറിയുകയും ചെയ്തു.

















































