താമരശ്ശേരി: ബെംഗളൂരുവിലെ വാടകമുറിയിൽവെച്ച് എം.ഡി.എം.എ.യ്ക്കായി പണംനൽകിയശേഷം അത് കിട്ടാതെ വന്നതോടെ ഇടപാടുകാരന്റെ സുഹൃത്തിനെ നാട്ടിലെത്തിച്ച് നാലുദിവസത്തോളം ബന്ദിയാക്കി മർദിച്ച് ലഹരിമാഫിയാ സംഘം. ഒടുവിൽ ലഹരിസംഘത്തിലെ കണ്ണികളിലൊരാളിൽനിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാടക വീട് റെയ്ഡ് ചെയ്ത് ബന്ദിയാക്കപ്പെട്ട യുവാവിനെ പോലീസ് രക്ഷപ്പെടുത്തി.
ഓമശ്ശേരി മുടൂരിൽ വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ബെഗളൂരുവിലെ കോത്തന്നൂരിൽ ട്രാവൽ ഏജൻസി നടത്തുന്ന വയനാട് മാനന്തവാടി പള്ളിക്കൽ സ്വദേശി സാജിദ് (30)നെയാണ് കോഴിക്കോട് റൂറൽ എസ്.പി.ക്ക് കീഴിലുള്ള ഡൻസാഫ് സംഘവും താമരശ്ശേരി പോലീസും ചേർന്ന് രക്ഷപ്പെടുത്തിയത്. താമരശ്ശേരി ഡിവൈ.എസ്.പി. കെ. വിനോദ് കുമാറിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന.
യുവാവിനെ തടവിലിട്ട ലഹരിസംഘത്തിൽ ഉൾപ്പെട്ട കൊടുവള്ളി കളരാന്തിരി വട്ടോത്ത് പുറായിൽ അപ്പാപ്പൻ എന്ന ശിഹാബ് (40), കൊടുവള്ളി വാവാട് പാലക്കുന്നുമ്മൽ ആക്കോയി എന്ന അശ്വിൻ (25) എന്നിവരെ പോലീസ് അറസ്റ്റു ചെയ്യുകയും സംഘം സഞ്ചരിച്ച ഷിഹാബിന്റെ കാർ കസ്റ്റഡിയിലെടുക്കുകയുംചെയ്തു.
ഷിഹാബിനെ കഴിഞ്ഞ വർഷം മൂന്നു ഗ്രാം എം.ഡി.എം.എ.യുമായി വയനാട് പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ്. മർദനമേറ്റ പരിക്കുകളോടെ സാജിദ് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. സാജിദിന്റെ മൊഴിപ്രകാരം വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ലഹരിസംഘത്തിനെതിരേ താമരശ്ശേരി പോലീസ് കേസെടുക്കുകയും ചെയ്തു.
മേയ് മൂന്നാം തീയതിയാണ് താമരശ്ശേരി കേന്ദ്രീകരിച്ചുള്ള പ്രതികൾ ഉൾപ്പെട്ട നാലംഗസംഘം എം.ഡി.എം.എ. വാങ്ങുന്നതിനായി ബെംഗളൂരുവിൽ എത്തുന്നത്. ബെംഗളൂരുവിലെത്തിയ സംഘം സാജിദിന്റെ ബെംഗളൂരുവിലെ വാടകമുറിയിൽവെച്ച് അയാളുടെ സുഹൃത്തായ വയനാട് സ്വദേശി വിമലിന് ഒന്നരലക്ഷം രൂപ ലഹരിമരുന്നിനായി നൽകി.
ശിഹാബ് വിമലന് നൽകിയ ഈ തുക, വിമൽ എം.ഡി.എം.എ. വിപണനസംഘത്തിൽ ഉൾപ്പെട്ട ഒരു കോഴിക്കോട് സ്വദേശിയുടെ അക്കൗണ്ടിലേക്ക് അയച്ചു. എന്നാൽ പിന്നീട് ലഹരിമരുന്നും അതിനായി നൽകിയ പണവും കിട്ടാതെ വന്നതോടെ, ലഹരിസംഘം നയത്തിൽ സാജിദിനെ ബെംഗളൂരിൽനിന്ന് കോഴിക്കോട്ടെത്തിച്ചു.
തുടർന്ന് ശിഹാബ് വാടകയ്‌ക്കെടുത്ത മുടൂരിലെ ഇരുനില വീടിന്റെ മുകൾഭാഗത്തെ മച്ചിൽ സാജിദിനെ നാല് ദിവസത്തോളമായി പൂട്ടിയിടുകയായിരുന്നെന്ന് പോലീസ് പറയുന്നു. പണമോ അല്ലെങ്കിൽ എം.ഡി.എം.എ.യോ നൽകണമെന്ന് ആവശ്യപ്പെട്ടസംഘം തന്നെ വടിയും കമ്പിയും ഉപയോഗിച്ച് മർദിച്ചും ഭക്ഷണം കൊടുക്കാതെയും തടങ്കലിൽ പാർപ്പിച്ചതായാണ് സാജിദ് പോലീസിനെ അറിയിച്ചത്.


















































