ബെംഗളൂരു: പതിനേഴുകാരിയെ കാണാതായ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി ചോദ്യം ചെയ്യലിനിടെ താക്കോൽ വിഴുങ്ങി. ബെംഗളൂരു മദനാനായകൻഹള്ളി പോലീസ് സ്റ്റേഷനിലാണ് സംഭവം. ബെംഗളൂരുവിലെ നെലമംഗല മേഖലയിൽ കാണാതായ പെൺകുട്ടിയെ കുറിച്ചുള്ള അന്വേഷണത്തിനിടെ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് എത്തിയ യുവാവ് ലോക്കപ്പ് താക്കോൽ വിഴുങ്ങുകയായിരുന്നു.
പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ബെല്ലാരി സ്വദേശിയായ കാർത്തിക് എന്ന രാമു എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ടവർ ലൊക്കേഷൻ ഡേറ്റ ഉപയോഗിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഏപ്രിൽ 24-ന് പെൺകുട്ടിയുടെ മാതാപിതാക്കൾ കുട്ടിയെ കാണാതായതായി പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യുന്നതിനിടെ പോക്സോ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് കാർത്തിക് ലോക്കപ്പിന്റെ താക്കോൽ വിഴുങ്ങിയതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെത്തുടർന്ന് ഇയാളെ ഉടൻ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസത്തോളം പോലീസ് സംരക്ഷണത്തിൽ ആശുപത്രിയിൽ തുടർന്നു. സ്വാഭാവികമായി താക്കോൽ ശരീരത്തിൽനിന്ന് പുറന്തള്ളാൻ ഡോക്ടർമാരും പോലീസും കാത്തിരുന്നതായും ഈ സമയമത്രയും കാർത്തിക്കിന് ഏകദേശം 10 കിലോഗ്രാം വാഴപ്പഴം നൽകിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒടുവിൽ താക്കോൽ പുറത്തുവന്നതായി അധികൃതർ അറിയിച്ചു.

















































