പാലക്കാട്: ഒറ്റ ദിവസം പോലീസിനെ വില്ലനാക്കി മുതിർന്ന സിപിഎം നേതാവ് എ കെ ബാലൻ. പോലീസും ഗുണ്ടകളും ചേർന്ന് മൃഗീയമായ ആക്രമണം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടത്തിയെന്ന് എ കെ ബാലൻ ആരോപിച്ചു, സമാധാനം കാത്തുസൂക്ഷിക്കേണ്ട പോലീസ് തലങ്ങും വിലങ്ങും പ്രവർത്തകരെ തല്ലി. ഒന്നും മറക്കില്ല എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിന് പിന്നാലെയാണ് ആക്രമണമെന്നും എകെ ബാലൻ ആരോപിച്ചു.
‘വിരമിച്ച വനിതാ ഡിജിപി പോടാ പുല്ലേ പോലീസേ എന്ന് മുദ്രാവാക്യം വിളിച്ചു. ഇതുപോലുള്ള പോലീസുകാർ ഇന്നും സേനയിൽ ഉണ്ട്. ഇത്തരം പോലീസുകാർ ഇങ്ങനെ പെരുമാറിയാൽ ഇനി അവർ പോലീസായി ഉണ്ടാകില്ല. പാർട്ടി ഓഫീസിൽ വന്ന് പോലീസിനും ഗുണ്ടകൾക്കും വിലസാമെന്ന് ധരിക്കരുത്. പോലീസ് നിക്ഷ്പക്ഷമായ അന്വേഷണം നടത്തട്ടെ’- എ കെ ബാലൻ പറഞ്ഞു.
അതുപോലെ സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസ് തടഞ്ഞില്ലായിരുന്നെങ്കിൽ എന്തെല്ലാം സംഭവങ്ങൾ ഉണ്ടാകുമായിരുന്നുവെന്നും എകെ ബാലൻ ചോദിട്ടു. തങ്ങളുടെ എല്ലാം ശവത്തിൽ ചവിട്ടി മാത്രമായിരുന്നു അവർക്ക് പോകാൻ കഴിയുമായിരുന്നതെന്നും അതുകൊണ്ട് അനങ്ങാതിരുന്നാൽ നല്ലതെന്നും എകെ ബാലൻ മുന്നറിയിപ്പ് നൽകി. ‘സർക്കാർ തുടങ്ങിവച്ച പ്രവർത്തികൾക്ക് ഉടക്കുണ്ടാക്കാനാണ് ശ്രമമെങ്കിൽ അത് നടക്കില്ല. വർഗീയ ശക്തികൾ ഇപ്പോൾ അഹങ്കരിക്കുന്നെങ്കിൽ നിങ്ങളുടെ കയ്യിൽ അല്ല കേരളം എന്ന് മനസിലാക്കുക. ജീവൻ കൊടുത്തും മതസൗഹാർദ്ദം സംരക്ഷിക്കും’- എകെ ബാലൻ പറഞ്ഞു.
അതേസമയം തോൽവിയുടെ കാരണം പരിശോധിക്കുമെന്നും വർഗീയവാദികൾക്ക് എതിരായ പരാമർശങ്ങളിൽ തെറ്റ് പറ്റിയിട്ടില്ലെന്നും എ കെ ബാലൻ ആവർത്തിച്ചു. ജമാഅത്തെ ഇസ്ലാമിയെ പറഞ്ഞത് ഇസ്ലാമിന് എതിരല്ല. മതരാഷ്ട്ര നിലപാട് മാറ്റാത്തതിനാലാണ് ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കുന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം ലീഗിനെയാണ് പറഞ്ഞതെന്നും അത് മുസ്ലിങ്ങളെയാണെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിച്ചെന്നും എ കെ ബാലൻ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും എടുത്ത നിലപാടുകളിൽ യുഡിഎഫിന് അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ടാകാമെന്നും എ കെ ബാലൻ പറഞ്ഞുവച്ചു.

















































