തിരുവനന്തപുരം: കേരളമുൾപ്പെടെയുളള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കാൻ കാത്തിരുന്നതുപോലെ എൽപിജി സിലിണ്ടർ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികൾ. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നാണ് റിപ്പോർട്ട്. ഇതോടെ സിലിണ്ടർ വില 3,000 കഴിഞ്ഞു. 3,085 രൂപയാണ് കൊച്ചിയിലെ വാണിജ്യ സിലിണ്ടർ വില.
അതേസമയം തിരുവനന്തപുരത്ത് 3,106 രൂപയായി. കോഴിക്കോട് 3,117.5 രൂപ ആയി. പുതിയ വില വർദ്ധനവ് ഹോട്ടലുകൾക്കും തട്ടുകടകൾക്കുമെല്ലാം ഗുരുതര ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. സിലിണ്ടർ വിലവർധിച്ചത് ഭക്ഷണവിഭവങ്ങളുടെ വില കൂട്ടാൻ ഹോട്ടലുകളെ നിർബന്ധിതരാക്കും. ഏപ്രിൽ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപ വില കൂട്ടിയിരുന്നു. ജനുവരി ഒന്നിന് 111 രൂപയും മാർച്ച് ഒന്നിന് 31 രൂപയും മാർച്ച് ഏഴിന് 115 രൂപയും കൂട്ടിയിരുന്നു.
മാത്രമല്ല തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി പശ്ചിമബംഗാൾ, അസം, തമിഴ്‌നാട് തുടങ്ങി സ്വന്തം നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്താത്തതും കേരളത്തിലെ ഹോട്ടൽ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. എൽപിജി വിതരണത്തിലെ നിയന്ത്രണം മൂലം ഒട്ടേറെ ഹോട്ടലുകൾ അടച്ചിട്ടിരുന്നു. അതിനിടെയാണ് ഇടിത്തീപോലെ ഗ്യാസ് വിലക്കയറ്റം. ഗാർഹിക സിലിണ്ടർ വിലയിൽ ഇത്തവണ വർധനയില്ല.


















































