കാസർകോട്: കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളേജുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല
കാസർകോട്
ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് ആയിരിക്കുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തെ തുടർന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളേജുകൾ, സ്കൂളുകൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.
കണ്ണൂർ
കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ ജില്ലയിൽ മൂന്ന് ദിവസം തുടർച്ചയായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴയ്ക്കുള്ള സാധ്യത ഉള്ളതിനാലും ജില്ലയിലെ പ്രഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. പ്രഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല.


















































