മുംബൈ: മലയാള സിനിമകളിലെ ശ്രദ്ധേയമായ രംഗങ്ങൾ അനുകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് നടി വിദ്യാ ബാലന്റെ പതിവാണ്. നിരവധി മലയാള ചിത്രങ്ങളിലെ ഹാസ്യരംഗങ്ങൾ ഇതിനുമുമ്പും താരം റീലുകളിലൂടെ പുനഃസൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ ആ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത് ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലെ ഉർവശിയുടെ ജനപ്രിയ രംഗമാണ്.
ചിത്രത്തിൽ ഉർവശി മുറി ഇംഗ്ലീഷിൽ സംസാരിച്ചുകൊണ്ട് പാചകം ചെയ്യുന്ന ഹാസ്യരംഗമാണ് വിദ്യാ ബാലൻ അതേ ശൈലിയിൽ അവതരിപ്പിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
“എനിക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയായ ഉർവശി ചേച്ചിയുടെ ഒരു രംഗം. ചേച്ചി എന്നോട് ക്ഷമിക്കണം” എന്ന കുറിപ്പോടെയാണ് വിദ്യാ ബാലൻ വീഡിയോ പങ്കുവെച്ചത്.
വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. മലയാളികളും ഇതരഭാഷക്കാരും ഉൾപ്പെടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
സംവിധായിക അഞ്ജലി മേനോൻ, “നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിക്കണം” എന്നായിരുന്നു പ്രതികരിച്ചത്. “ഡയലോഗ് മനസ്സിലായത് പൂജ്യം ശതമാനം, പക്ഷേ വിദ്യാ ബാലന്റെ പ്രകടനം നൂറ് ശതമാനം” എന്നായിരുന്നു മറ്റൊരു കമന്റ്. “എല്ലാ മലയാളികളുടെയും പ്രിയപ്പെട്ട ഉർവശി ചേച്ചിയുടെ ഡയലോഗ്”, “എന്റെ പ്രിയപ്പെട്ട രംഗം എന്റെ പ്രിയ നടി വിദ്യാ ബാലൻ പുനഃസൃഷ്ടിച്ചു” തുടങ്ങിയ പ്രതികരണങ്ങളും വീഡിയോയ്ക്ക് താഴെ നിറയുകയാണ്.






