ഹൈദരാബാദ്: ഭാര്യയുടെ അവിഹിത ബന്ധങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ഹൈദരാബാദിൽ 36 വയസ്സുകാരനായ ടെക്കി ജീവനൊടുക്കി. സീതാറാം എന്ന യുവാവാണ് ഹുസൈൻ സാഗർ തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തത്.
മരണത്തിന് മുൻപ് സീതാറാം എഴുതിയ 19 പേജുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ ഭാര്യ രേണുകയ്‌ക്ക് മൂന്ന് കാമുകന്മാരുണ്ടെന്നും കഴിഞ്ഞ ഒന്നര വർഷമായി ഇവർ ബന്ധം തുടർന്നു വരികയായിരുന്നുവെന്നും കത്തിൽ ആരോപിക്കുന്നു. താൻ വീട്ടിലില്ലാത്ത സമയങ്ങളിൽ കാമുകന്മാർ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും, ഏറെ സ്നേഹത്തോടെയും കരുതലോടെയുമാണ് ഭാര്യയെ നോക്കിയിരുന്നതെങ്കിലും താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും സീതാറാം കത്തിൽ വേദനയോടെ കുറിച്ചു.
രമണ എന്ന് പേരുള്ള ഒരാൾ രേണുകയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതോടെയാണ് ഭാര്യയുടെ ബന്ധങ്ങളെക്കുറിച്ച് താൻ അറിഞ്ഞത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ മാനസിക സമ്മർദ്ദത്തിന് കാരണമായെന്നും ഇതാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും യുവാവ് വ്യക്തമാക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സീതാറാം എഴുതിയ ആത്മഹത്യാക്കുറിപ്പിന്റെ ആധികാരികതയും അതിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ഇതിന് പുറമെ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ച ദൃശ്യങ്ങളെക്കുറിച്ചും അത് പോസ്റ്റ് ചെയ്ത വ്യക്തിയെക്കുറിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തും.

















































