അഹമ്മദാബാദ്: എന്തോ അങ്ങനെയാണ് ആർസിബി ഇപ്പോൾ രണ്ടുതവണ ജയിച്ചാൽ ഒരു തവണ പരാജയം ഏറ്റുവാങ്ങണം. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് നാലു വിക്കറ്റിന്റെ പരാജയം. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിനെ 155 റൺസിന് ഓൾഔട്ടാക്കിയ ഗുജറാത്ത് 15.5 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. നാലുവിക്കറ്റിനാണ് ജയം. നയകൻ ശുഭ്മാൻ ഗില്ലാണ്(43) ടീമിന്റെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനായി നായകൻ ശുഭ്മാൻ ഗിൽ ആർസിബി ബൗളർമാരെ നിലംതൊടീച്ചില്ല. ജോഷ് ഹേസൽവുഡ് എറിഞ്ഞ രണ്ടാം ഓവറിൽ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 24 റൺസാണ് ഗിൽ അടിച്ചെടുത്തത്. ഓപ്പണർ സായ് സുദർശൻ ആറു റൺസെടുത്ത് പുറത്തായെങ്കിലും ഗിൽ അതേ ഗിയറിൽ തന്നെ കളി മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. അഞ്ചോവറിൽ 57 റൺസിലെത്തിച്ചാണ് ഗിൽ മടങ്ങിയത്. താരം 18 പന്തിൽ നിന്ന് 43 റൺസെടുത്തു. പിന്നീട് ജോസ് ബട്ട്‌ലറായിരുന്നു ആക്രമിച്ച് കളിച്ചത്. സിക്‌സറുകൾ ബട്ട്ലറുടെ ബാറ്റിൽ നിന്ന് പാഞ്ഞതോടെ ടീം ഏഴോവറിൽ 86 ലെത്തി. 19 പന്തിൽ നിന്ന് 39 റൺസെടുത്ത് ബട്ട്‌ലറും വെറും എട്ടുറൺസെടുത്ത് ഷാരൂഖ് ഖാനും 12 റൺസുമായി വാഷിങ്ടൺ സുന്ദറും പിന്നാലെ മടങ്ങി. ഇതോടെ സ്കോർ 11 ഓവറിൽ 122-5.
പിന്നീട് ക്രീസിലൊന്നിച്ച രാഹുൽ തെവാട്ടിയയും ജേസൺ ഹോൾഡറുമാണ് ടീമിനെ മുന്നോട്ടുനയിച്ചത്. ഹോൾഡർ പുറത്തായെങ്കിലും തെവാട്ടിയ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. താരം 27 റൺസെടുത്തു.
അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 19.2 ഓവറിൽ 155 റൺസിന് ഓൾഔട്ടായിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും വിക്കറ്റുകൾ വീണതോടെ ആർസിബി പ്രതിരോധത്തിലായി. എട്ടോവറിൽ 80-1 എന്ന നിലയിൽ നിന്ന് ടീം 126-8 എന്ന നിലയിലേക്ക് നിലംപൊത്തി. 40 റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് ടോപ് സ്‌കോറർ.
വിരാട് കോലി വെടിക്കെട്ടോടെ മിന്നും തുടക്കമാണ് ടീമിന് സമ്മാനിച്ചത്. കഗിസോ റബാദ എറിഞ്ഞ രണ്ടാം ഓവറിൽ തുടർച്ചയായി അഞ്ച് ഫോറുകളാണ് കോലി നേടിയത്. അഞ്ചു റൺസെടുത്ത് ജേക്കബ് ബെത്തൽ പുറത്തായെങ്കിലും കോലി മൂന്നോവറിൽ ടീമിനെ 34 ലെത്തിച്ചു. നാലാം ഓവറിൽ താരം മടങ്ങി. 13 പന്തിൽ 28 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നീട് ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കൽ ഗുജറാത്ത് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. ക്യാപ്റ്റൻ രജത് പാട്ടിദാർ 19 റൺസെടുത്ത് പുറത്തായെങ്കിലും എട്ടോവറിൽ സ്‌കോർ 80 ലെത്തി.
ഇതിനിടെ വിക്കറ്റുകൾ വീഴ്ത്തി ഗുജറാത്ത് ആർസിബിയെ പ്രതിരോധത്തിലാക്കി. ജിതേഷ് ശർമ (1), ടിം ഡേവിഡ് (9), ക്രുണാൽ പാണ്ഡ്യ (4) എന്നിവർ വേഗം മടങ്ങി. ഇതോടെ ടീം 14 ഓവറിൽ 126-7 എന്ന നിലയിലേക്ക് വീണു. റൊമാരിയോ ഷെഫേർഡ്(17), വെങ്കടേഷ് അയ്യർ(12) എന്നിവരും പിന്നാലെ മടങ്ങി.


















































