ന്യൂഡൽഹി: ഓടുന്ന കാറിൽ വച്ച് ഇരുപത്തിനാലുകാരിക്കെതിരെ ലൈംഗിക അതിക്രമം. യുവതിയുമായി പരിചയമുള്ള വ്യക്തി അറസ്റ്റിൽ. മൊമോസ് കഴിക്കാമെന്നു പറഞ്ഞാണ് പ്രതി കാറിൽ കയറ്റിയതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. തുടർന്ന് സിഎൻജി നിറയ്ക്കണമെന്നു പറഞ്ഞ് വിജനമായ വഴിയിലേക്കു കാർ കൊണ്ടുപോയി.
അതിനിടെ കാറിൽ വച്ച് പ്രതി മോശം പരാമർശങ്ങൾ നടത്തുകയും മോശമായ രീതിയിൽ സ്പർശിക്കുകയും ചെയ്തു. അവിടെ എത്തിയ ശേഷം പ്രതി യുവതിയോട് അസഭ്യ പരാമർശങ്ങൾ നടത്തുകയും ലൈംഗിക അനുകൂല്യം ആവശ്യപ്പെടുകയും ചെയ്തതായി യുവതി വ്യക്തമാക്കി. തുടർന്ന് ഇയാൾ അവളെ അനാവശ്യമായി സ്പർശിക്കുകയും പലവട്ടം ഇറങ്ങാൻ ആവശ്യപ്പെട്ടിട്ടും കാറിൽ നിന്നിറങ്ങാൻ അനുവദിക്കാതിരിക്കുകയും ചെയ്തുവെന്നാണ് പരാതി. ഭീതിയിലായ യുവതി സംഭവങ്ങൾ തന്റെ മൊബൈൽ ഫോണിൽ വീഡിയോയായി പകർത്താൻ തുടങ്ങി.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഏകദേശം 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ യുവതി പ്രതിയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും കാറിൽ നിന്ന് ഇറക്കണമെന്നാവശ്യപ്പെട്ട് സഹായത്തിനായി നിലവിളിക്കുകയും ചെയ്യുന്നതായി കാണാം. ഒരു ഘട്ടത്തിൽ കാറിൽ നിന്ന് ചാടാൻ പോലും തയ്യാറാണെന്ന് അവൾ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കേൾക്കാം.
‘‘എന്നെ തൊട്ടാൽ ഞാൻ വണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കും, എന്റെ ശരീരത്തിൽ തൊടാൻ ഞാൻ അനുവദിക്കില്ല’’– എന്ന് യുവതി നിലവിളിച്ചുകൊണ്ട് പറയുന്നതും വീഡിയോയിൽ കേൾക്കാം. എന്നാൽ ‘രണ്ട് മിനിറ്റ് മാത്രം മതി’ എന്ന് പറഞ്ഞ് പ്രതി യുവതിയെ ഉപദ്രവിക്കുകയും വഴങ്ങിയില്ലെങ്കിൽ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെടാൻ മറ്റ് വഴികളില്ലാതെ കാറിന്റെ ജനലിലൂടെ പുറത്തേക്ക് ചാടാൻ യുവതി ശ്രമിക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.
പരാതിയുടെ അടിസ്ഥാനത്തിൽ മണ്ഡാവലി പോലീസ് സ്റ്റേഷനിൽ ബിഎൻഎസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതിയെ പിടികൂടിയതായും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോയും തെളിവായി പരിശോധിച്ചു വരികയാണ്.






