വാഷിങ്ടൺ: ലോക ശ്രദ്ധ മുഴുവൻ ആകർഷിച്ച വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അസോസിയേഷന്റെ അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവെപ്പ് സംഭവത്തേക്കാൾ ചർച്ചയായിരിക്കുന്നതും പ്രചരിക്കുന്നതും ആ സംഭവത്തിനിടെ നടന്ന ചില അടിച്ചുമാറ്റൽ രംഗങ്ങളുടെ ദൃശ്യങ്ങളാണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്തിരുന്ന ചടങ്ങിനിടെ അപ്രതീക്ഷിതമായി വെടിയൊച്ച മുഴങ്ങിയതോടെ സ്ഥലത്ത് പരിഭ്രാന്തി പടർന്നു. വെടിവെപ്പ് ഉണ്ടായ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡന്റിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനിടെ, വിരുന്നിൽ പങ്കെടുത്ത ചിലർ വിലകൂടിയ മദ്യക്കുപ്പികൾ കൈക്കലാക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിനിടെ, ക്യാമറ ബാഗുകളിലും വസ്ത്രങ്ങളിലുമാക്കി സീൽ പൊട്ടിക്കാത്ത മദ്യക്കുപ്പികൾ ഒളിപ്പിക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്.
ജീവൻ രക്ഷിക്കാൻ ആളുകൾ ഓടിപ്പോകുന്ന സാഹചര്യത്തിൽ ഇത്തരം പ്രവൃത്തികൾ നടത്തിയതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. മാധ്യമപ്രവർത്തകർ തന്നെ ഇത്തരത്തിൽ പെരുമാറിയത് അമേരിക്കൻ മാധ്യമ രംഗത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിച്ചതായി വിമർശകർ പറയുന്നു.
സംഭവം പുറത്തുവന്നതോടെ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി ഉണ്ടാകാമെന്ന സൂചന വൈറ്റ് ഹൗസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നു. സോഷ്യൽ മീഡിയയിൽ ‘വൈൻ ഗേറ്റ്’ എന്ന പേരിൽ സംഭവം വ്യാപകമായി ചർച്ചയാവുകയാണ്. “ജനങ്ങൾ ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ചിലർ മദ്യക്കുപ്പികൾ രക്ഷിക്കാൻ തിരക്കിലായിരുന്നു” എന്ന പരിഹാസവും വിമർശനവും ഒരുപോലെ ഉയരുന്നുണ്ട്.
The highlight of the shooting is all the press and influencers yoinking bottles of wine and champagne. Good on them for that. pic.twitter.com/4Ht0bPEXdn
— Anonymous (@YourAnonCentral) April 26, 2026

















































