കാസർകോട്: തൃക്കരിപ്പൂർ എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ നടന്ന ശൈശവ വിവാഹത്തിൽ വരനും പടന്ന ഗ്രാമപഞ്ചായത്ത് മെമ്പറും ഉൾപ്പെടെ നാല് പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.
പടന്ന പഞ്ചായത്തിലെ പ്രവാസിയായ 28-കാരൻ എടച്ചാക്കൈ ബദർ നഗറിലെ ഷാബിർ ഷെയ്ഖ് 16 വയസ്സുകാരിയെ വിവാഹം കഴിച്ച സംഭവത്തിലാണ് നടപടി. വരനെ കൂടാതെ പെൺകുട്ടിയുടെ പിതാവ്, വിവാഹത്തിന് കാർമ്മികത്വം വഹിച്ച ഉസ്താദ് റഹ്മത്തുള്ള, പടന്ന ഗ്രാമപഞ്ചായത്ത് അംഗവും അഴീക്കൽ ജുമാ മസ്ജിദ് സെക്രട്ടറിയുമായ പി.കെ. താജുദ്ദീൻ എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ഏപ്രിൽ 13-നായിരുന്നു ഉസ്താദിന്റെ കാർമ്മികത്വത്തിൽ പള്ളിയിൽ വെച്ച് ‘കാനത്ത് കല്യാണം’ നടന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ട് സ്വന്തം മഹല്ല് കമ്മിറ്റി വിവാഹം നടത്തിക്കൊടുക്കാൻ വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്നാണ് ഗ്രാമപഞ്ചായത്ത് മെമ്പർ കൂടിയായ പള്ളി സെക്രട്ടറിയുടെ ഒത്താശയോടെ വരന്റെ നാട്ടിലെ പള്ളിയിൽ വെച്ച് വിവാഹം നടത്തിയത്.
നാട്ടുകാർ നൽകിയ പരാതിയിൽ ജില്ലാ ശിശുക്ഷേമ വികസന വകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. നിയമം മൂലം നിരോധിച്ച ശൈശവ വിവാഹത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ചൈൽഡ് ലൈനിന്റെയും പോലീസിന്റെയും തീരുമാനം.















































