തൃശൂർ: തളർന്നു വീണുപോയപ്പോൾ തനിക്കൊപ്പമുണ്ടായിരുന്ന ഇളയ മകൻ ഗിരിഷിനെ വെടിക്കെട്ടപകടത്തിൽ കാണാതായത് പക്ഷാഘാതം മൂലം രോഗക്കിടക്കയിലായിരുന്ന അമ്മയെ ഉറ്റവരാരും അറിയിച്ചിരുന്നില്ല. എങ്കിലും അവസാന നിമിഷവും ആ അമ്മ ആഗ്രഹിച്ചിരുന്നു ഇളയമകനെ ഒരുനോക്ക് കാണാനായി. എന്നാൽ ആ ആഗ്രഹം സാദ്ധ്യമാകാതെ അമ്മ വിടവാങ്ങി. ഇന്നലെ വൈകുന്നേരം സംസ്കാരം കഴിഞ്ഞ് വൈകാതെ മറ്റൊരു വാർത്തയുമെത്തി വെടിക്കെട്ടു ദുരന്തഭൂമിയിൽനിന്ന് ഗിരിയുടെ ശിരസ് കണ്ടെടുത്തു. ഒരു മരണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു ദുരന്ത വാർത്തയും.
അമ്മയും അനുജനും ഒരുമിച്ചു നഷ്ടപ്പെട്ട സ ങ്കടഗിരിയിലാണ് സഹോദരൻ ഹരി. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ കാണാതായ കോട്ടപ്പുറം സ്വദേശി പി. ഗിരീഷിന്റെ (ഗിരി–40) അമ്മ, ചേലാട്ട് ലെയ്‌ൻ പള്ളത്ത് കരിമാലി വീട്ടിൽ ഗൗരി (74) ഇന്നലെ പുലർച്ചെയാണ് അന്തരിച്ചത്.
വൈകിട്ടു മൂന്നോടെ പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കാരം നടത്തി. നാലരയോടെ മുണ്ടത്തിക്കോട് കുട്ടംകുളം പാടശേഖരത്തു പോലീസ് നടത്തിയ തിരച്ചിലിലാണ് ഗിരിയുടെ ശിരസ് കണ്ടെടുത്തത്. ഇത് അടുത്ത ബന്ധു തിരിച്ചറിഞ്ഞു. പരേതനായ മോഹനനാണ് ഗൗരിയുടെ ഭർത്താവ്. പൂരപ്രേമികളായ ഹരിയും ഗിരിയും ചേലാട്ട് ലെയ്നിൽ ഒരേ വളപ്പിലാണു താമസിക്കുന്നത്. മുന്നിലെ വീട്ടിൽ അമ്മ ഗൗരിക്കൊപ്പം അവിവാഹിതനായ ഗിരിയും തൊട്ടുപിന്നിലെ വീട്ടിൽ കുടുംബത്തോടൊപ്പം ഹരിയും.
ഹരി തിരുവമ്പാടി ദേവസ്വം കമ്മിറ്റി അംഗവും ഗിരി പൂരാഘോഷ കമ്മിറ്റി അംഗവുമായിരുന്നു. ഇത്തവണയും ഇരുവരും ഒന്നിച്ചു മുണ്ടത്തിക്കോട്ടെ വെടിക്കെട്ടുപുരയിൽ പോയിരുന്നു. എന്നാൽ അപകടദിവസം, അമ്മയ്ക്ക് ആരോഗ്യപ്രശ്നമുണ്ടായതിനാൽ ഹരി വീട്ടിൽ നിന്നപ്പോഴായിരുന്നു വെടിക്കെട്ട് ദുരന്തമുണ്ടായത്
ആദ്യ രണ്ടു ദിനങ്ങളിൽ നടത്തിയ തിരച്ചിലിൽ ഗിരിയെക്കുറിച്ചു വിവരമൊന്നും ലഭിച്ചില്ല. ഇതോടെ കാണാതായവരുടെ പട്ടികയിലായിരുന്നു ഗിരി. മൂന്നാംദിനമായ ഇന്നലെ ദുരന്തഭൂമിക്കു 150 മീറ്ററകലെ കുളവാഴ നിറഞ്ഞ പാടത്തു നിന്നാണു പോലീസ് കഡാവർ നായ മർഫി ശിരസ് കണ്ടെത്തിയത്. ഒരു ചെവി നഷ്ടപ്പെട്ട നിലയിലായിരുന്നു. എന്നാൽ പല്ലിന്റെ പ്രത്യേകത അടയാളമായെടുത്താണു ബന്ധുവും സുഹൃത്തുക്കളും മെഡിക്കൽ കോളജ് മോർച്ചറിയിലെത്തി ഗിരിയെന്ന് ഉറപ്പിച്ചത്. എങ്കിലും ഡിഎൻഎ പരിശോധന നടത്തും. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നു ബന്ധുക്കൾക്കു കൈമാറും.
















































