കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ വി കുഞ്ഞികൃഷ്ണന് വേണ്ടി പ്രവർത്തിച്ചുവെന്ന കണ്ടെത്തലിൽ പയ്യന്നൂരിൽ കൂട്ടനടപടിക്കൊരുങ്ങി സിപിഎം. ഇതിന്റെ ഭാഗമായി എകെജി ഭവൻ ബ്രാഞ്ച് അംഗമായിരുന്ന ടി പുരുഷോത്തമനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. കൂടാതെ ബൂത്ത് സെക്രട്ടറിമാരായി പ്രവർത്തിച്ച അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെയും നടപടി ഉണ്ടാകും.
ഇവർ വി കുഞ്ഞികൃഷ്ണനെ സഹായിക്കാൻ ഏരിയാ കമ്മിറ്റി അംഗം ഉൾപ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ വിവരവും ജില്ലാ കമ്മിറ്റിക്ക് മുന്നിലുണ്ട്. അതേസമയം വോട്ടെടുപ്പിന് പിന്നാലെ ടി പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാറിന് തീയിടുകയും ചെയ്തിരുന്നു. വീടിന് മുന്നിൽ തീ ആളിക്കത്തുന്നത് കണ്ടതോടെ പുരുഷോത്തമനും കൂടുംബവും വീടിന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് പുരുഷോത്തമൻ ആരോപിച്ചിരുന്നു. സംഭവത്തിൽ രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു,
ഡിവൈഎഫ്ഐ വെസ്റ്റ് മേഖലാ പ്രസിഡന്റ് സുധീഷും മേഖലാ എക്സിക്യൂട്ടീവ് അംഗം അജയ് കൃഷ്ണയുമാണ് അറസ്റ്റിലായത്. ആക്രമണത്തിൽ സിപിഎമ്മിന് പങ്കില്ലെന്നായിരുന്നു ഏരിയാ സെക്രട്ടറി പി സന്തോഷ് പറഞ്ഞിരുന്നത്. എഡിഎം വിളിച്ച സമാധാന യോഗത്തിൽ പങ്കെടുത്ത സിപിഎം പ്രതിനിധി സത്യപാലനും അക്രമസംഭവങ്ങളിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞിരുന്നു. ഇതിനിടെയായിരുന്നു ഡിവൈഎഫ്ഐ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.















































