കൊൽക്കത്ത: 147 പേരുമായി ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റത് പരിഭ്രാന്തി പരത്തി. കോൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ മിന്നലിൽ വിമാനത്തിൻറെ പവർ സിസ്റ്റം തകർന്നു. അഗർത്തലയിലേക്ക് പുറപ്പെടാൻ തയാറെടുക്കുന്നതിനിടെയായിരുന്നു അപകടം.
വെള്ളിയാഴ്ച രാവിലെ 9.25ന് വിമാനത്താവളത്തിലെ 56എൽ എന്ന ഏയറോബ്രിഡ്ജിന് സമീപമായിരുന്നു സംഭവം. 6ഇ6068 എയർബസ് എ320 വിമാനത്തിൽ ആ സമയത്ത് 141 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം 147 പേർ ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് മുൻകരുതലുകളുടെ ഭാഗമായി വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പവർ സിസ്റ്റം തകരാറിലായ വിമാനം സാങ്കേതിക പരിശോധനകൾക്കായി മാറ്റിയതായും യാത്രക്കാർക്കായി ബദൽ സൗകര്യം ഒരുക്കിയതായും അധികൃതർ അറിയിച്ചു. അപകടത്തിൽ വിമാനത്തിലുള്ളിണ്ടായിരുന്ന ആർക്കും പരുക്കില്ല. പക്ഷെ റൺവേയിൽ ജോലി ചെയ്തിരുന്ന രണ്ട് ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങൾക്ക് പൊള്ളലേറ്റെന്ന് അധികൃതർ വ്യക്തമാക്കി.
















































