പ്യോംഗ്യാങ്: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ കിഴക്കൻ തീരത്തുള്ള സിൻപോ നഗരത്തിന് സമീപത്ത് നിന്നാണ് ഒന്നിലധികം മിസൈലുകൾ വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിയയും ജപ്പാനും അറിയിച്ചു. ഇവ കൊറിയൻ ഉപദ്വീപിന് സമീപമുള്ള സമുദ്രത്തിൽ പതിച്ചതായും അവർ വ്യക്തമാക്കി.
ഏപ്രിൽ മാസത്തിൽ മാത്രം ഉത്തരകൊറിയ നടത്തുന്ന നാലാമത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണിത്; ഈ വർഷത്തെ ഏഴാമത്തേതുമാണ്. ഇതിന് പിന്നാലെ ദക്ഷിണകൊറിയയിൽ അടിയന്തര സുരക്ഷാ യോഗം ചേർന്നതായി അവിടുത്തെ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
സൈനിക ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയ തുടർച്ചയായി മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നതെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ഇത്തരം പരീക്ഷണങ്ങൾ മിസൈൽ പദ്ധതിക്കെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പാസാക്കിയ പ്രമേയങ്ങളുടെ ലംഘനമാണെന്ന് ദക്ഷിണകൊറിയ ആരോപിക്കുന്നു. അതേസമയം, ഈ നിയന്ത്രണങ്ങളെ നിരസിച്ച് സ്വയം പ്രതിരോധിക്കാനുള്ള അവകാശമാണിതെന്ന നിലപാടിലാണ് ഉത്തരകൊറിയ.
Related Post
ഇതിനിടെ, അമേരിക്ക ഇറാനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യം ഉത്തരകൊറിയ പ്രയോജനപ്പെടുത്തുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ആണവ ശേഷിയും മിസൈൽ ശക്തിയും കൂടുതൽ വികസിപ്പിക്കാൻ ഇത് അനുകൂല സമയമായി അവർ കാണുന്നതായും വിലയിരുത്തൽ.
കഴിഞ്ഞ മാസം പുതിയ യുദ്ധക്കപ്പലിൽ നിന്ന് ക്രൂയിസ് മിസൈലുകളും ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. കിം ജോങ് ഉൻ നേരിട്ടെത്തിയാണ് ആ പരീക്ഷണം നടന്നത്. തുടർന്ന് ഏപ്രിൽ ആരംഭം മുതൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ തുടരുന്നതായും ജപ്പാനും ദക്ഷിണകൊറിയയും അറിയിച്ചു.












































