തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനെ തുടര്‍ന്ന് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിരക്കിലേക്ക് ഉയരുന്നു. വെള്ളിയാഴ്ച 11.62 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായി രേഖപ്പെടുത്തി. രാത്രിയിലെ പരമാവധി ആവശ്യകത 6013 മെഗാവാട്ടായി ഉയര്‍ന്നതും സര്‍വകാല റെക്കോഡാണ്.
ഈ സാഹചര്യത്തില്‍ വൈദ്യുതിലഭ്യത ഉറപ്പാക്കുന്നതിനായി യൂണിറ്റിന് 10 രൂപവരെ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. സംസ്ഥാനറെഗുലേറ്ററി കമ്മീഷനെ സമീപിച്ചു. നിലവില്‍ ശരാശരി 7.35 രൂപവരെ മാത്രം നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കമ്മിഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ചൂട് ശക്തമായി തുടരുന്നതിനാല്‍ മേയ് 15 വരെ വൈദ്യുതി ആവശ്യകത ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തല്‍. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നതും ദീര്‍ഘകാല കരാറുകളിലൂടെ ലഭിക്കുന്നതുമായ വൈദ്യുതി തികയാത്ത സാഹചര്യത്തില്‍, അടിയന്തര ആവശ്യങ്ങള്‍ക്കായി ഇൻഡ്യൻ എനർജി എക്സ്ചേഞ്ച് പോലുള്ള പവര്‍ എക്‌സ്‌ചേഞ്ചുകളില്‍നിന്ന് വൈദ്യുതി വാങ്ങേണ്ടിവരുമെന്നാണ് വിശദീകരണം.
ഏപ്രില്‍ പകുതിമുതല്‍ മേയ് പകുതിവരെയുള്ള കാലയളവില്‍ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ അനുമതി തേടിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലും വേനല്‍ക്കാലത്ത് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടിവന്നത് കെ.എസ്.ഇ.ബി.യ്ക്ക് സാമ്പത്തികഭാരം സൃഷ്ടിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ നിരക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അടിയന്തരമായി വൈദ്യുതി ലഭ്യമാക്കുന്നതിനായി “ഡേ എഹെഡ് മാര്‍ക്കറ്റ്” വഴി മുമ്പ് വാങ്ങല്‍ നടത്തിയിരുന്നെങ്കിലും, നിലവില്‍ അവിടെയും ലഭ്യത കുറവാണ്. അതിനാല്‍ ആവശ്യപ്പെട്ടതിന് പിന്നാലെ 30 ദിവസത്തേക്ക് വൈദ്യുതി ലഭ്യമാക്കുന്ന “ടേം എഹെഡ് മാര്‍ക്കറ്റ്” വഴി വാങ്ങാന്‍ അനുമതി നല്‍കണമെന്ന ആവശ്യവും കെ.എസ്.ഇ.ബി. മുന്നോട്ടുവച്ചിട്ടുണ്ട്. വിഷയത്തില്‍ കമ്മിഷന്‍ 22-ന് തെളിവെടുപ്പ് നടത്തും.
വാങ്ങല്‍ ചെലവ് നിയന്ത്രിക്കാന്‍ ആവശ്യകത കൃത്യമായി വിലയിരുത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രണ്ട് പ്രത്യേക സമിതികളും രൂപവത്കരിച്ചതായി കെ.എസ്.ഇ.ബി. അറിയിച്ചു.
















































