കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരാജയം തുടങ്ങിയത് കളിക്കളത്തിനു പുറത്തുനിന്നെന്ന് നിസംശയം പറയാം. എന്നു ശ്രേയസ് അയ്യരെ വിട്ടുകളഞ്ഞ് മറ്റൊരയ്യരെ ടീമിലെടുത്തോ അന്നു തുടങ്ങിയ തോൽവിയാണ് ഷാരുഖിനും പിള്ളേർക്കും. അഞ്ച് മേയ് നാല് 2025, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അവസാനമായി ഒരു ഐപിഎൽ മത്സരത്തിൽ വിജയം ആഘോഷിച്ചത് അന്നായിരുന്നു. പിന്നീടങ്ങോട്ട് തുടരെത്തുടരെ ഏഴ് തോൽവികൾ, ഈ സീസണിൽ മാത്രം അഞ്ചും. ഇന്നലത്തെ പരാജയത്തോടെ കണക്കുകളിൽ സാധ്യമാണെങ്കിലും കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യതകൾ എത്തിപ്പിടിക്കാനാകുന്നതിലും ദൂരത്തിലാണ്.
പരാജയത്തിനു തുടക്കമിട്ട ഐപിഎൽ മെഗാ താരലേലം
2025 ഐപിഎല്ലിന് മുന്നോടിയായുള്ള മെഗാതാരലേലം. അവിടെ തുടങ്ങി ഐപിഎല്ലിൽ കെകെആറിന്റെ പതനം. ചാമ്പ്യന്മാരുടെ തിളക്കത്തിലാണ് ഓക്ഷൻ ടേബിളിന് ചുറ്റും കൊൽക്കത്തയുടെ പ്രതിനിധികൾ ഇരുന്നത്. പക്ഷെ മൂന്നാം കിരീടം നേടിത്തന്ന നായകൻ ശ്രേയസ് അയ്യരെന്ന പ്രതിഭയെ മാറ്റി നിർത്തിയതോടെ എല്ലാം പൂർത്തിയായി. അന്ന് ശ്രേയസിനായി 9.75 കോടി രൂപ വരെ മാത്രമാണ് കൊൽക്കത്ത വിളിക്കാൻ തയാറായത്. എന്നാൽ ഏകദേശം രണ്ടിരട്ടിയോടടുത്ത് ഇറക്കി ആ ഇന്ത്യൻ താരത്തെ പഞ്ചാബ് കിങ്സ് സ്വന്തമാക്കി, അതായത് 26.75 കോടി രൂപയ്ക്ക്.
അതിലും വലിയ ആനമടയത്തരം ശ്രേയസിന്റെ പകരക്കാരനായി വെങ്കടേഷ് അയ്യരെ കണ്ടുവെന്നതാണ്. ലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനൊപ്പം വെങ്കടേഷിനായി പണമൊഴുക്കി. ഒടുവിൽ വെങ്കടേഷിനെ പർപ്പിളിൽ നിലനിർത്താനും സാധിച്ചു. 23.75 കോടി രൂപയ്ക്ക്. എന്നാൽ കോടികൾ വാരിയെറിഞ്ഞ് സ്വന്തമാക്കിയ വെങ്കടേഷിന് 2025 എഡിഷനിൽ തന്റെ മികവിനോ മൂല്യത്തിനോ ഒത്ത് ഉയരാനുമായില്ല. 11 കളികളിൽ നിന്ന് സമ്പാദിച്ചത് വെറും 142 റൺസ് മാത്രം.
ഒറ്റ സീസണിന് ശേഷം കൊൽക്കത്തതന്നെ വെങ്കിടേഷിനെ കൈവിട്ടു കളഞ്ഞു. 2026 സീസണിന് മുന്നോടിയായുള്ള മിനിലേലത്തിൽ ബെംഗളൂരുവിലേക്ക് ചേക്കേറുകയും ചെയ്തു വെങ്കടേഷ്. ഇനി നായകനായി കൊൽക്കത്ത തെരഞ്ഞെടുത്ത അജിങ്ക്യ രഹാനെയെ നോക്കാം. രഹാനെയുടെ ക്ലാസിലോ അയാളുടെ മികവിലോ ഒന്നും തർക്കങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഇല്ല. രോഹിത് ശർമയെപ്പോലെ, വിരാട് കോലിയെപ്പോലെ തന്നെ ആഘോഷിക്കപ്പെടേണ്ട താരം തന്നെയാണ് രഹാനെയും. 2024ലെ മെഗാ താരലേലത്തിൽ ആദ്യ റൗണ്ടിൽ അൺസോൾഡായ ബാറ്ററാണ് രഹാനെ. അതായത് ഒരു ടീമിന്റേയും ആദ്യ തിരഞ്ഞെടുപ്പായിരുന്നില്ല രഹാനെ. മറ്റ് ഓപ്ഷനുകൾ ഒന്നും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് കൊൽക്കത്ത രഹാനെയെ ആ നിയോഗം ഏൽപ്പിക്കുന്നത്. പിന്നീടങ്ങോട്ടും തോൽവി തന്നെയായിരുന്നു കെകെആറിന്റെ പുസ്തകത്തിൽ… പരാജയത്തിന്റെ ആദ്യ തുടക്കമാകട്ടെ പരിക്കുപോലും വകവയ്ക്കായെ ബാറ്റുകൊണ്ടും ഫീൽഡിങ്ങിലും ഒരു പോലെ തിളങ്ങുന്ന, സൂര്യയ്ക്കു പകരം ഇന്ത്യൻ നായകന്റെ കസേര കൊടുക്കണമെന്ന് ആരാധകരും മുൻ താരങ്ങളും ഒരുപോലെ ആവശ്യപ്പെടുന്ന ശ്രേയസ് അയ്യരെ വിട്ടുകളഞ്ഞതിൽ നിന്നും.
















































