ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ നടന്ന അമേരിക്ക- ഇറാൻ സമാധാന ചർച്ചകൾക്ക് ശേഷം മടങ്ങിയ ഇറാനിയൻ പ്രതിനിധി സംഘത്തിന് പാക് വ്യോമസേന സുരക്ഷാ അകമ്പടി നൽകിയതായി റിപ്പോർട്ട്. പാക് വ്യോമസേനയുടെ ജെ-10 യുദ്ധവിമാനങ്ങളും ഒരു എയർബോൺ വാണിങ് ആൻഡ് കൺട്രോൾ സിസ്റ്റം വിമാനവും പ്രതിനിധി സംഘത്തെ സുരക്ഷിതമായി അതിർത്തി കടത്താനുള്ള സുരക്ഷാ ദൗത്യത്തിൽ ഉൾപ്പെട്ടതായി വിവരം.
ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് പാക്കിസ്ഥാൻ കാവലൊരുക്കിയത്. അമേരിക്കയുമായി നടത്തിയ ചർച്ചകൾ ഫലപ്രദമാകാതെ പിരിഞ്ഞ സാഹചര്യത്തിൽ തങ്ങൾക്കെതിരെ ആക്രമണം ഉണ്ടായേക്കാമെന്ന് ഇറാൻ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് സംഘത്തെ ഇറാനിയൻ അതിർത്തി വരെ എത്തിക്കേണ്ട ഉത്തരവാദിത്തം പാക്കിസ്ഥാൻ ഏറ്റെടുക്കുകയായിരുന്നെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അതേസമയം ഇസ്ലാമാബാദിൽ നടന്ന ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിലും നയതന്ത്ര ബന്ധങ്ങൾ സജീവമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇറാനുമായുള്ള സംഘർഷം ഉടൻ അവസാനിക്കുമെന്നും അടുത്ത ഘട്ട ചർച്ചകൾ ഈ വാരാന്ത്യത്തിൽ ഇസ്ലാമാബാദിൽ നടന്നേക്കുമെന്നും ട്രംപ് സൂചന നൽകിയിട്ടുണ്ട്.












































