ചെന്നൈ: ഒന്നോ, രണ്ടോ, അല്ലെങ്കിൽ മൂന്നോ തവണ തോറ്റുവെന്നു കരുതി പൊങ്കാല ഇടാൻ നോക്കണ്ട, ഡഗൗട്ടിലിൽ നിന്ന് ലോകകപ്പ് ഹീറോയിലേക്കെത്തിയ സഞ്ജുവിന്റെ ടീമാണ്… കന്നി ജയം കൊതിച്ചിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 32 റൺസിന്റെ മിന്നും ജയവുമായി ചെന്നൈ സൂപ്പർ കിങ്‌സിന്റെ രണ്ടാം ജയം. ചെന്നൈ മുന്നോട്ടുവെച്ച 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനെയായുള്ളു.
നാലോവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ നൂർ അഹമ്മദാണ് മത്സരം ചെന്നൈയ്ക്ക് അനുകൂലമാക്കിയത്. നൂർ തന്നെയാണ് കളിയിലെ താരം. കൊൽക്കത്ത നിരയിൽ രമൻദീപ് സിങ് 35 റൺസും റോവ്മാൻ പവൽ 31 റൺസും അജിങ്ക്യാ രഹാനെ 28 റൺസും അൻക്രിഷ് രഘുവൻഷി 27 റൺസും സുനിൽ നരെയ്ൻ 24 റൺസും നേടി.
അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി. 32 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറുകളും അടക്കം 48 റൺസ് നേടിയ സഞ്ജു സാംസൺ തന്നെയാണ് ഇത്തവണയും ചെന്നൈയുടെ ടോപ് സ്‌കോറർ.
ആയുഷ് മാത്രേ 17 പന്തിൽ രണ്ട് സിക്‌സറും ആറ് ഫോറുകളൂം അടക്കം 38 റൺസ് നേടി. ഡെവാൾഡ് ബ്രെവിസ് 29 പന്തിൽ രണ്ട് സിക്‌സറും നാല് ഫോറുകളും അടക്കം 41 റൺസ് നേടി. സർഫറാസ് ഖാൻ 23 റൺസും ദുബൈ പുറത്താകാതെ 13 റൺസും നേടി. അതേസമയം ഇത്തവണയും ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്. ആറു ബോളിൽ 7 റൺസ് മാത്രമേ താരത്തിനെടുക്കുവാനായുള്ളു.

















































