മധുര: തൂത്തുക്കുടി സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി. 2020 ജൂണിലാണ് പോലീസ് കസ്റ്റഡിയിലിരിക്കെയാണ് പിതാവ് ജയരാജും മകൻ ബെനിക്‌സും മരിച്ചത്. ലോക്ക്ഡൗണിൽ കട അടച്ചില്ല എന്ന് ആരോപിച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ആറുവർഷം മുമ്പ് തമിഴ്‌നാട്ടിൽ നടന്ന ഈ കൊലപാതകം രാജ്യത്ത് മുഴുവൻ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് രാത്രി 7.45 വരെ കട തുറന്നുവെച്ചു എന്ന് ആരോപിച്ചാണ് മൊബൈൽ കട നടത്തിയിരുന്ന ജയരാജനെയും ബെനിക്‌സണെന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. ക്രൂരമായ മർദനത്തിന് ഇരയായ ഇരുവരും മൂന്നാംദിവസം മരണത്തിന് കീഴടങ്ങി. ആദ്യം മരണത്തിനു കീഴടങ്ങിയത് ജയരാജനാണ്, പിന്നാലെ ബെനിക്‌സണിന്റേയുെ ജീവൻ നഷ്ടപ്പെട്ടു. കേസിൽ ആകെ 10 പ്രതികളാണ് ഉണ്ടായിരുന്നത്. അതിൽ ഒരാൾ വിചാരണ കാലയളവിൽ മരിച്ചു. ബാക്കി ഒമ്പത് പ്രതികൾക്കാണ് കോടതി വധശിക്ഷ വിധിച്ചത്.
അതേസമയം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം എന്ന തരത്തിലാണ് കോടതിയും കേസിനെ പരിഗണിച്ചത്. ഗൗരവം ഒട്ടുംകുറയാതെ കേസിനെ സമീപിക്കണം എന്ന് തീരുമാനിച്ചിരുന്നതായി ജഡ്ജി വിധിക്കു ശേഷം വ്യക്തമാക്കി. ജയരാജനെയും ബെനിക്‌സിനെയും ആരാണ് കൂടുതൽ ദേഹോപദ്രവം ഏൽപിച്ചത് ആരാണ് കുറച്ച് മർദിച്ചത് എന്ന കാര്യത്തിനൊന്നും പ്രസക്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഈ ക്രൂരതയ്ക്ക് നേതൃത്വം നൽകിയ ഇൻസ്‌പെക്ടർ ശ്രീധറിന് വിവിധ വകുപ്പുകളിലായി രണ്ട് വധശിക്ഷയും ഏഴുവർഷം തടവും 84 ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. രണ്ട് സബ് ഇൻസ്‌പെക്ടർമാർ, രണ്ട് ഹെഡ് കോൺസ്റ്റബിളുമാർ, നാല് കോൺസ്റ്റബിളുമാർ എന്നിവർക്കാണ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. ഭാവിയിൽ ഇത്തരം കസ്റ്റഡി കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള താക്കീതായി ഈ ശിക്ഷാവിധി മാറണമെന്നും കോടതി നിരീക്ഷിച്ചു.


















































