വർഷം 2013 ജൂലൈ 21… റംസാൻ മാസത്തിലെ പെരുന്നാളിനിടാൻ വാപ്പ വാങ്ങി നൽകിയ വസ്ത്രങ്ങളുമായി സന്തോഷിച്ച് കോഴിക്കോട്ടുനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ആ കുഞ്ഞുമക്കളും ഭാര്യയും കരുതിക്കാണില്ല, തങ്ങൾ യാത്ര ചെയ്യുന്നത് മരണത്തിനൊപ്പമാണെന്ന്… ഇനിയൊരു പെരുന്നാൾ ആഘോഷിക്കാൻ തങ്ങൾ ബാക്കിയുണ്ടാവില്ലെന്ന്… കാലന്റെ കയറുമായി വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫെന്ന കൊടുംപാതകിയാണ് തങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നതെന്ന്… വാവൂർ ചുങ്കത്തെ വീട്ടിലേക്കെത്താൻ മീറ്ററുകൾ ദൂരം മാത്രം ബാക്കിയുള്ളപ്പോൾ, പുലർച്ചെ ഏകദേശം രണ്ടരയോടെ വാവൂർ ആലുക്കൽ റോഡിലെ വിജനമായ പാടശേഖരത്തിനടുത്ത് ആ സ്‌കൂട്ടർ നിന്നതോടെ അവസാനിച്ചത് മൂന്നു ജീവനുകളാണ്.
പിന്നീടെല്ലാം മുഹമ്മദ് ഷരീഫ് താൻ മുൻകൂട്ടി തയാറാക്കിയ തിരക്കഥപോലെ തന്നെ ആടിത്തീർത്തു. നനഞ്ഞൊട്ടി മരവിച്ച മകൾ നിദയുടെ മൃതദേഹം കൈകളിലേന്തി അരക്കിലോമീറ്റർ അകലെയുള്ള അയൽക്കാരൻ ഗഫൂറിന്റെ വീട്ടിലേക്ക് ഓടിക്കയറി വന്ന ഷരീഫ് പറഞ്ഞത്, തന്റെ സ്കൂട്ടർ ടയർ പഞ്ചറായി വെള്ളക്കെട്ടിലേക്ക് മറിഞ്ഞെന്നാണ്. എന്നാൽ, വന്ന ഷരീഫിന്റെ വസ്ത്രത്തിൽ ഒരിടത്തുപോലും ഒരു പോറലേറ്റ പാടുണ്ടായിരുന്നില്ല. മാത്രമല്ല പ്രധാന റോഡിൽനിന്ന് 30 മീറ്റർ മാറി, വെള്ളക്കെട്ടിനോട് ചേർന്ന് വഴിയിലൂടെ ഷരീഫ് എന്തിന് യാത്രചെയ്തു എന്ന നാട്ടുകാരുടെ ചോദ്യത്തിനു മുന്നിൽ ചുരുളഴിഞ്ഞത് മൂന്ന് കൊലപാതകങ്ങളാണ്. മണൽവാരൽ തൊഴിലാളിയായ ഷരീഫ്, ഒപ്പമുണ്ടായിരുന്ന ഭാര്യയേയും മക്കളേയും രക്ഷിക്കാൻ ശ്രമിക്കാതെ, ഒരു കിലോമീറ്റർ ദൂരെയുള്ള വീട്ടിലേക്ക് പോകാതെ, ഗഫൂറിന്റെ വീട്ടിലേക്ക് വന്നതിലും പോലീസിന് തുടക്കത്തിലേ കല്ലുകടിയുണ്ടാക്കി
തുടർന്ന് മഞ്ചേരി സിഐ ഓഫീസിലെ ചോദ്യംചെയ്യൽ മുറിയിൽ ഷരീഫ് കഥകൾ ഒന്നൊന്നായി പറഞ്ഞു. ആ മൂന്നുമരണങ്ങൾ യാദൃച്ഛിക അപകടമായിരുന്നില്ല, മാസങ്ങൾനീണ്ട കൃത്യമായ പ്ലാനിങ്ങായിരുന്നു. കൊലപാതകത്തിന് രണ്ടുമാസംമുൻപ് ഭാര്യ സാബിറയുടെ പേരിൽ ഷരീഫ് 10 ലക്ഷം രൂപയുടെ ഇൻഷുറൻസെടുത്തിരുന്നു. അപകടമരണമാണെങ്കിൽ തുക ഇരട്ടി ലഭിക്കുമെന്ന് അയാൾ കണക്കുകൂട്ടിയതോടെ മൂന്നുപേരെയും ഒരുമിച്ച് തീർക്കാൻ പദ്ധതിയിട്ടു.
ഇതിന് ആക്കം കൂട്ടിയത് മറ്റൊരു സംഭവമായിരുന്നു. വിവാഹസമയത്ത് നൽകിയ 75 പവനിൽ 50 പവനും ഭാര്യ അറിയാതെ ഷരീഫ് വിറ്റിരുന്നു. ഇത് തിരിച്ചെടുക്കാൻ സാബിറ നിർബന്ധിച്ചതോടെ ഭാര്യയെ ഒഴിവാക്കാൻതന്നെ തീരുമാനിച്ചു. ഇതിനിടെ മറ്റൊരു വിവാഹം കഴിക്കാനായി വധുവിനെ തേടി വളാഞ്ചേരിയിലെ വിവാഹ ബ്യൂറോയിൽ ഷരീഫ് പേര് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനായി ഭാര്യയേയും മക്കളേയും അപകടത്തിൽപ്പെടുത്തുക എന്നതായിരുന്നു ഷരീഫ് കണ്ട വഴി. സ്കൂട്ടർ വെള്ളക്കെട്ടിലേക്ക് മനഃപൂർവ്വം ഓടിച്ചിറക്കിയ ശേഷം ടയറിലെ കാറ്റഴിച്ചുവിട്ട് അത് പഞ്ചറായതാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു ഉദ്ദേശ്യം.
അതേസമയം നാട്ടിൽ വലിയ മതഭക്തനായും ഉപദേശിയായും നടന്ന ഷരീഫിന്റെ മറ്റൊരു മുഖമാണ് ചോദ്യം ചെയ്യലിൽ പുറത്തുവന്നതെന്ന് നാട്ടുകാർ പറയുന്നു. അയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പോലീസ് കണ്ടെത്തിയത് പി.ഡബ്ല്യു.ഡി എക്സിക്യുട്ടീവ് എൻജിനീയറുടെ പേരിൽ നിർമിച്ച വ്യാജ സീലുകൾ, ലൈസൻസില്ലാത്ത തോക്കിന്റെ തിരകൾ (വെടിയുണ്ടകൾ), കാൺപുർ പോലുള്ള സ്ഥലങ്ങളിൽനിന്നുള്ള ദുരൂഹമായ ബാങ്കിടപാടുകൾ, നാട്ടിൽത്തന്നെയും ഒട്ടേറെ ബാങ്ക് അക്കൗണ്ടുകൾ, ഇങ്ങനെ നീളുന്നു. അക്കാലത്ത് കണ്ണൂർ അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷൻ, വടകര ട്രാഫിക് പോലീസ് സ്റ്റേഷൻ എന്നിവയുടെ നിർമാണത്തിൽ കരാറുകാരന്റെ പങ്കാളിയായി പണം മുടക്കിയിരുന്നതും ഇതേ ഷരീഫായിരുന്നു.
പിന്നീട് കേസിൽ കുടുങ്ങുമെന്ന് ഉറപ്പായതോടെ ജാമ്യത്തിലിറങ്ങിയ ഷരീഫ് നാടുവിടുകയായിരുന്നു. പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാടൊട്ടുക്കു തിരഞ്ഞിട്ടും ഫലമുണ്ടായില്ല. തന്റെ പഴയ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് അയാൾ മുങ്ങി. ഇതിനിടെ ഷരീഫ് കൊല്ലപ്പെട്ടെന്നും വിദേശത്തേക്ക് മുങ്ങിയെന്നും പലകഥകൾ നാട്ടിൽ പ്രചരിച്ചു. വർഷങ്ങൾ കടന്നുപോയിട്ടും നീതി ലഭിക്കാത്തതിനെത്തുടർന്ന് സാബിറയുടെ പിതാവ് ഒളവട്ടൂർ മായക്കര തടത്തിൽ മുഹമ്മദ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് വഴിത്തിരിവായി.
കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം നടത്തിയ രഹസ്യ നീക്കങ്ങൾക്കൊടുവിൽ കർണാടകയിലെ പരപ്പ അഗ്രഹാരയിലെത്തുകയായിരുന്നു. ഇവിടെവച്ചാണ് വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘമെത്തുമ്പോൾ ഷരീഫ് അവിടെ പേരും വിലാസവും മാറ്റി മറ്റൊരു ജീവിതം നയിക്കുകയായിരുന്നു.















































