വാഷിങ്ടൻ: ഈ രാത്രിയോടെ ഇറാന്റെ നാവികസേന ഇല്ലാതായെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അവരുടെ വ്യോമസേന തകർന്നു തരിപ്പണമായി. അവരുടെ മിക്ക നേതാക്കളും കൊല്ലപ്പെട്ടിരിക്കുകയാണെന്നും ട്രംപ്. ഇറാന്റെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള ശേഷി ഗണ്യമായി കുറഞ്ഞതായും ട്രംപ് പറഞ്ഞു. ഇറാന് നിർണായകമായ തിരിച്ചടി നൽകിയതിനു യുഎസിലെ സായുധ സേനയെ ട്രംപ് പ്രശംസിച്ചു. ലോകത്തെ കരുത്തുറ്റ സൈന്യം അമേരിക്കയാണെന്ന് തെളിഞ്ഞുവെന്ന് അവകാശപ്പെട്ട ട്രംപ്, എന്നാൽ യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് വ്യക്തമാക്കിയില്ല.
അതുപോലെ ആർട്ടിമിസ് 2 വിജയകരമായി വിക്ഷേപിച്ചതിനു നാസയിലെ ടീമിനെ അഭിനന്ദിച്ചുകൊണ്ടും, ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്നവരെ പ്രശംസിച്ചുകൊണ്ടുമാണ് ട്രംപ് തന്റെ പ്രസംഗം ആരംഭിച്ചത്. മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഉണ്ടാക്കിയ ആണവ കരാർ തെറ്റാണെന്ന് വിശേഷിപ്പിച്ച ട്രംപ്, അത് റദ്ദാക്കാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും പറഞ്ഞു. ആണവകരാർ നിലവിൽ ഉണ്ടായിരുന്നെങ്കിൽ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയായേനെയെന്നും ട്രംപ് അവകാശപ്പെട്ടു.
‘‘ഈ യുദ്ധത്തിൽ അമേരിക്ക ജയിച്ചിരിക്കുന്നു. ഞാൻ എപ്പോഴും നയതന്ത്രത്തിന്റെ പാത തിരഞ്ഞെടുക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇറാൻ എല്ലാ കരാർ ശ്രമങ്ങളെയും നിരസിച്ചുകൊണ്ട് തങ്ങളുടെ ആണവ പദ്ധതികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഒബാമയുടെ ആണവകരാർ നിലവിൽ ഉണ്ടായിരുന്നെങ്കിൽ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയായേനെ’’ – ട്രംപ് പറഞ്ഞു.
അതുപോലെ ഹോർമുസ് കടലിടുക്ക് വഴി എണ്ണ ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങൾ ആ പാതയുടെ സംരക്ഷണം ഏറ്റെടുക്കണമെന്നും യുഎസിന് അതിന്റെ ആവശ്യമില്ലെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാൻ ഹോർമുസ് അടച്ച സാഹചര്യത്തിൽ, ഇന്ധനത്തിനായി ഈ പാതയെ ആശ്രയിക്കുന്ന രാജ്യങ്ങൾ അത് സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















































