ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റ് തുടങ്ങാൻ ഒരു ദിവസം ബാക്കി നിൽക്കെ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം മാറുന്ന വാർത്തയാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചർച്ച. ഐപിഎല്ലിലെ പ്രഥമ കിരീടജേതാക്കളായ രാജസ്ഥാൻ റോയൽസിനും നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനുമാണ് പുതിയ ഉടമകളെത്തുന്നത്. റെക്കോർഡ് തുകയ്ക്കാണ് ടീമുകളെ പുതിയ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട മറ്റൊരു റിപ്പോർട്ടാണ് പുറത്തുവരുന്നത്. ടീമുകളെ പുതിയ ഉടമകൾ ഏറ്റെടുക്കുന്നതോടുകൂടി ബിസിസിഐക്കും വലിയ തുക ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ഇതുപ്രകാരം രാജസ്ഥാൻ, ബെംഗളൂരു ഫ്രാഞ്ചൈസികളുടെ വിൽപ്പനയ്ക്ക് പിന്നാലെ ബിസിസിഐയുടെ കൈകളിലേക്ക് 1,550 കോടി രൂപ മുതൽ 1,583 കോടി രൂപ വരെ എത്തിച്ചേരുമെന്നാണ് റിപ്പോർട്ട്. കൈമാറ്റത്തിൽ 5% തുക ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് നൽകണമെന്ന വ്യവസ്ഥയുണ്ട്. അത് പ്രകാരമാണ് വൻ തുക ബിസിസിഐയുടെ അക്കൗണ്ടിലെത്തുന്നത്. അങ്ങനെ കണക്കാക്കുമ്പോൾ ഏകദേശം 1500 കോടിയിലധികം രൂപ വരുമത്. യുഎസ് ആസ്ഥാനമായ കൽ സോമാനി കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം 163 കോടി ഡോളറിനാണ് (ഏകദേശം 15,290 കോടി രൂപ) രാജസ്ഥാൻ റോയൽസിനെ ഏറ്റെടുക്കുന്നത്. ആദിത്യ ബിർളാ ഗ്രൂപ്പും ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പും ചേർന്ന് 16,660 കോടി രൂപയ്ക്കാണ് ബെംഗളൂരു ടീമിനെ വാങ്ങുന്നത്.
ഈ അഞ്ച് ശതമാനം ട്രാൻസ്ഫർ ക്ലോസ് എല്ലാ ഫ്രാഞ്ചൈസികളുടെ കരാറുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ഐപിഎല്ലിൽ ഒരു ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം എപ്പോൾ മാറിയാലും ഈ വ്യവസ്ഥ പ്രകാരമുള്ള പണം ബിസിസിഐക്ക് ലഭിക്കും. അതായത് ഉടമസ്ഥാവകാശ ഇടപാടുകളിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് സാമ്പത്തികമായി വൻ നേട്ടമുണ്ടാകുമെന്നർഥം. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ അംഗീകാരം ലഭിച്ചശേഷമായിരിക്കും കൈമാറ്റ നടപടികൾ തുടങ്ങുക. അതായത് രണ്ടു ടീമുകളുടേയും കൈമാറ്റം ഈ സീസണിലെ മത്സരങ്ങൾക്കുശേഷമേ നടക്കു.
അമേരിക്കൻ സംരംഭകനായ കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് രാജസ്ഥാനെ ഏറ്റെടുത്തത്. രാജസ്ഥാൻ റോയൽസിലെ ഓഹരിയുടമകളായിരുന്നു കൽ സോമാനി ഗ്രൂപ്പ്. വാൾമാർട്ട് കുടുംബവും ഫോർഡ് കാർ നിർമാണവുമായി ബന്ധപ്പെട്ട ഹാംപ് കുടുംബവും ഈ കൺസോർഷ്യത്തിന്റെ ഭാഗമാണ്. ബ്രിട്ടീഷ് ഇന്ത്യക്കാരനായ മനോജ് ബാദ്‌ലെയാണ് നിലവിൽ രാജസ്ഥാന്റെ 65 ശതമാനം ഓഹരി കൈകാര്യം ചെയ്യുന്നത്. കൂടാതെ മാധ്യമ വ്യവസായി റൂബർട്ട് മർഡോക്കിന്റെ മകൻ ലച്‌ലാൻ മർഡോക്കിനും യു.എസ്. ആസ്ഥാനമായ റെഡ്‌ബേഡിനും 10 ശതമാനത്തിലേറെ ഓഹരിപങ്കാളിത്തമുണ്ട്.
അതേസമയം ലോകപ്രശസ്ത സ്പിരിറ്റ് നിർമാണക്കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ കീഴിലുള്ള റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് ലിമിറ്റഡിൽനിന്നാണ് ബെംഗളൂരു ടീമിനെ ടൈംസും ബിർളയും ചേർന്ന് ഏറ്റെടുക്കുന്നത്. ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക് സ്റ്റോൺ എന്നീ കമ്പനികളും ഇതിനൊപ്പമുണ്ട്.












































