തിരുവനന്തപുരം: ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വേണമെന്ന പരാമർശത്തിൽ എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിശ്വാസിയായ എംഎൽഎ വേണമെന്നല്ലേ പറഞ്ഞുള്ളൂ. അതെങ്ങനെയാണ് വർഗീയതയോ വെറുപ്പുളവാക്കുന്ന പ്രസംഗമോ ആകുന്നതെന്നും അദ്ദേഹം ചോദിച്ചു.
കെ.എം ഷാജി മതമാണ് മതമാണ് എന്ന് പറയുന്നതാണ് തെറ്റെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.ഈ പരാമർശത്തിന്റെ പേരിൽ ഗോപാലകൃഷ്ണനെതിരേ വിദ്വേഷപ്രസംഗത്തിന് കേസെടുത്തതിനെ രാജീവ് ചന്ദ്രശേഖർ ചോദ്യംചെയ്തു. ക്ഷേത്രഭരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഉന്നയിച്ച ഇത്തരം ആവശ്യങ്ങൾ എങ്ങനെ വർഗീയാകുമെന്നും അദ്ദേഹം ചോദിച്ചു.
വത്തിക്കാനിൽ മറ്റൊരു മതസ്ഥന് ജനപ്രതിനിധിയാകാൻ കഴിയുമോ, അല്ലെങ്കിൽ മക്കയിൽ ഒരു ഹിന്ദുവിന് ജനപ്രതിനിധിയാകാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ശബരിമലയിലെ പ്രശ്‌നങ്ങളും ഗുരുവായൂരിലെ ഫണ്ട് നഷ്ടപ്പെടുന്ന സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി, അവിടെ ഒരു വിശ്വാസിയായ എംഎൽഎ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഒരു സ്ഥാനാർഥി എന്ന നിലയിൽ ബി. ഗോപാലകൃഷ്ണൻ ഉന്നയിച്ച ചോദ്യത്തിൽ തെറ്റില്ലെന്നും ഇത്തരം കാര്യങ്ങളോട് സമൂഹം ഇത്രയധികം അസഹിഷ്ണുത കാണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.















































