ടെഹ്‌റാൻ: ഇറാനിലെ പരമോന്നത സുരക്ഷാ കൗൺസിൽ മേധാവി അലി ലാറിജാനിയെ ഇസ്രയേൽ വധിച്ചത് മകളെ കാണാനെത്തിയപ്പോഴെന്ന് റിപ്പോർട്ട്. ലാറിജാനി എവിടെയാണെന്നത് സംബന്ധിച്ച് പ്രദേശവാസികളിൽനിന്ന് തന്നെയാണ് ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങൾ ലഭിച്ചതെന്ന് ഒരു ഇസ്രയേലി സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ഇറാൻ ഇന്റർനാഷണലിന്റെ റിപ്പോർട്ട്.
അലി ലാറിജാനിയെ ഇസ്രയേൽ നോട്ടമിട്ടിട്ട് കുറേയായി. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി അലി ലാറിജാനി വിവിധയിടങ്ങളിലായി താമസം മാറ്റിക്കൊണ്ടിരുന്നു. ഇസ്രയേലി രഹസ്യാന്വേഷണ ഏജൻസികളെ വെട്ടിച്ച് ഇത്തരത്തിൽ ഒളിത്താവളങ്ങളിൽ മാറിമാറി കഴിയുന്നതിനിടെയാണ് ചൊവ്വാഴ്ച അദ്ദേഹം മകളുടെ വീട് സന്ദർശിക്കുന്നതിനെക്കുറിച്ച് പ്രദേശവാസികളിൽ നിന്ന് വിവരം ലഭിച്ചത്. നേരത്തേ പലതവണ അലി ലാറിജാനി കഴിഞ്ഞിരുന്ന കേന്ദ്രങ്ങളിൽ ഇസ്രയേലി സംഘമെത്തിയെങ്കിലും അതിനുമുൻപെ അദ്ദേഹം അവിടെനിന്ന് കടന്നിരുന്നു. എന്നാൽ, ചൊവ്വാഴ്ച ടെഹ്‌റാനിന്റെ പ്രാന്തപ്രദേശമായ പർദീസിൽ ലാറിജാനി മകളുടെ വീട്ടിലുണ്ടെന്ന് ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു.
തുടർന്ന് മകളുടെ വീട് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് ലാറിജാനി കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ആക്രമണത്തിൽ ലാറിജാനിക്ക് പുറമേ അദ്ദേഹത്തിന്റെ മകനും കീഴുദ്യോഗസ്ഥനും ഒട്ടേറെ അംഗരക്ഷകരും കൊല്ലപ്പെട്ടിട്ടുണ്ട്. ടെഹ്‌റാനിലെ താമസക്കാരിൽനിന്നുള്ള ‘വിലപ്പെട്ട രഹസ്യവിവര’മാണ് ലാറിജാനിയെ കണ്ടെത്തുന്നതിലേക്ക് നയിച്ചതെന്നാണ് ഇസ്രയേലി ഉദ്യോഗസ്ഥൻ പറയുന്നത്.
അതേസമയം ആക്രമണ ഭീഷണികൾക്കിടെയും അടുത്തിടെ ലാറിജാനി ചില പൊതുപരിപാടികൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് നാട്ടുകാരിൽനിന്ന് വിവരം ശേഖരിക്കാനുള്ള ആശയം സേനയിൽ ഉടലെടുത്തത്. ഖുദ്‌സ് ദിന റാലിയിലടക്കം ലാറിജാനി പങ്കെടുത്തതോടെ അദ്ദേഹത്തെ പലർക്കും എളുപ്പം തിരിച്ചറിയാനായെന്നും ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ഇറാൻ ഇന്റർനാഷണൽ’ റിപ്പോർട്ട്‌ചെയ്തു.
പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയെ വധിച്ചശേഷം ഇസ്രയേലിന്റെ ഏറ്റവും വലിയ ‘ലക്ഷ്യ’മായിരുന്നു ഖമനേയിയുടെ വലംകയ്യായിരുന്ന അലി ലാറിജാനി. അലി ഖമനേയിക്ക് ശേഷമുള്ള ‘നമ്പർവൺ ടാർഗറ്റ്’ എന്നാണ് ഇതേക്കുറിച്ച് ഇസ്രയേൽ മാധ്യമമായ ‘ജെറുസലേം പോസ്റ്റ്’ റിപ്പോർട്ട്‌ചെയ്തത്. എന്നാൽ, ഖമനേയിയുടെ വധത്തിന് പിന്നാലെ ഇറാനിലെ മിക്ക മുതിർന്ന ഉദ്യോഗസ്ഥരുടെയും സുരക്ഷ വർധിപ്പിച്ചിരുന്നു. ഇതോടെ അലി ലാറിജാനിയെ പിന്തുടരൽ ഇസ്രയേലിന് വെല്ലുവിളിയായി. മാത്രമല്ല, ഇസ്രയേൽ സൈന്യത്തെയും രഹസ്യാന്വേഷണ വിഭാഗത്തെയും കബളിപ്പിച്ച് കഴിയുന്നതിലും അലി ലാറിജാനി വിദഗ്ധനായിരുന്നു. ഇസ്രയേലിന്റെ രഹസ്യനീക്കങ്ങളെ പരാജയപ്പെടുത്താനും അദ്ദേഹം ശ്രമിച്ചു. എന്നാൽ, ചൊവ്വാഴ്ച നടത്തിയ കൃത്യമായ ആക്രമണത്തിൽ അലി ലാറിജാനിയെയും കൊലപ്പെടുത്തിയെന്നും ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.
അതേസമയം ഇറാന്റെ സുരക്ഷാനയങ്ങളുടെ ശില്പിയെന്നാണ് അലി ലാറിജാനി അറിയപ്പെട്ടിരുന്നത്. ആയത്തുള്ള അലി ഖമനേയിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം, അലി ഖമനേയിക്ക് ശേഷമുള്ള ഇറാന്റെ ഭരണനേതൃത്വത്തിലെ ഏറ്റവും നിർണായക വ്യക്തിയായിരുന്നു. അലി ലാറിജാനിയുടെ മരണം ഇറാന്റെ രഹസ്യാന്വേഷണ -സുരക്ഷാ വിഭാഗങ്ങൾക്ക് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. അതിനാൽ തന്നെ ലാറിജാനിയെ വധിച്ചതിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ തിരിച്ചടി ഇസ്രയേലിന് ഖേദകരമായിരിക്കുമെന്നും സൈനിക മേധാവി അമിർ ഹത്താമി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

















































