പത്തനംതിട്ട: വികലമായ ദ്വാരപാലക ശിൽപപാളികൾ ശബരിമല ശ്രീകോവിലിനു മുന്നിൽ ചാർത്തുന്നത് ആചാരത്തിനും വിശ്വാസത്തിനും എതിരാണെന്ന് തന്ത്രി മഹേഷ് മോഹനര്. എത്രയും വേഗം പരിഹാരം കാണണമെന്നു തന്ത്രി ദേവസ്വം ബോർഡിനെ രേഖാമൂലം അറിയിച്ചു. എന്നാൽ പരിഹാരജോലികൾ ചെയ്യുന്ന കാര്യത്തിൽ ദേവസ്വം ബോർഡ് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ശിൽപപാളികളിൽ നിന്നു സാംപിളുകൾ ശേഖരിച്ചിരുന്നു.
സ്വർണത്തിന്റെ അളവും കാലപ്പഴക്കവും നിർണയിക്കാനാണു സാംപിൾ ശേഖരിച്ചത്. ഈ നടപടിക്കിടെ ശിൽപപാളിയുടെ ചില ഭാഗങ്ങളിൽ ദ്വാരങ്ങളുണ്ടായിരുന്നു. രൂപമാറ്റം വന്നതും വികലമായതുമായ രൂപങ്ങൾ ആചാരത്തിനും വിശ്വാസത്തിനും എതിരാണെന്ന കാര്യമാണ് തന്ത്രി ദേവസ്വം ബോർഡിനെ അറിയിച്ചത്. കരിങ്കല്ലിൽ കൊത്തിയെടുത്തതാണ് ദ്വാരപാലക ശിൽപം. അതിന് കവചമായാണ് സ്വർണം പൂശി ശിൽപം ഉറപ്പിച്ചിട്ടുള്ളത്.
സാംപിൾ ശേഖരിച്ചപ്പോൾ വീണ വലിയ ദ്വാരത്തിലൂടെ കറുത്ത നിറം എടുത്തുകാണാം. ഇതുകാരണം ശിൽപത്തിന്റെ ഭംഗി കുറഞ്ഞു. സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടി സംഘം നവംബറിലാണ് ദ്വാരപാലക ശിൽപത്തിൽ നിന്ന് ആദ്യം സാംപിൾ ശേഖരിച്ചത്. ദ്വാരപാലക ശിൽപം, തൂണുകൾ എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ മാസം സാംപിൾ ശേഖരിച്ചു. ആർക്കും പുറത്ത് കാണാൻ കഴിയാത്ത വിധത്തിൽ വശങ്ങളിൽ നിന്നാണ് അന്ന് സാംപിൾ ശേഖരിച്ചത്.
കഴിഞ്ഞ മാസം വീണ്ടും നടന്ന പരിശോധനയ്ക്ക് ദ്വാരപാലക ശിൽപം, കട്ടിളപ്പാളി എന്നിവയിൽ നിന്നു വലിയ ഭാഗമാണ് മുറിച്ചെടുത്തത്. അറ്റകുറ്റപ്പണികൾ നടത്തി കേടുപാട് തീർക്കുകയോ ഇത് അഴിച്ചു മാറ്റുകയോ ആണ് പരിഹാരം. എന്നാൽ അറ്റകുറ്റപ്പണികൾക്ക് അനുമതി നൽകി വെറുതേ വിവാദത്തിൽപെടേണ്ടതില്ലെന്ന നിലപാടിലാണ് ദേവസ്വം ബോർഡ്.
















































