വാഷിംഗ്ടൺ: യുഎസ് സൈന്യം ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രവും രാജ്യത്തിന്റെ നട്ടെല്ലെന്നും കരുതുന്ന ഖാർഗ് ദ്വീപിനെ ലക്ഷ്യമിട്ട് ബോംബാക്രമണം നടത്തിയതായി റിപ്പോർട്ട്. മിഡിൽ ഈസ്റ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ആക്രമണങ്ങളിൽ ഒന്നാണിതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ട്രൂത്ത് സോഷ്യൽമീഡിയ പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ഖർഗ് ദ്വീപിലെ സൈനിക ലക്ഷ്യങ്ങൾ പൂർണമായും നശിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ദ്വീപിലെ എണ്ണ റിഫൈനികൾ ഇപ്പോൾ ലക്ഷ്യമാക്കിയിട്ടില്ലെന്നും വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും ശക്തമായ ആയുധങ്ങളാണ് അമേരിക്കയ്ക്ക് ഉള്ളതെന്നും എന്നാൽ മാനുഷിക കാരണങ്ങളാൽ ഖർഗ് ദ്വീപിലെ എണ്ണ റിഫൈനറികൾ തൽക്കാലം നശിപ്പിക്കാതിരിക്കാനാണ് തീരുമാനിച്ചതെന്നും ട്രംപ് പറഞ്ഞു.
അതേസമയം ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം തടസപ്പെടുത്താൻ ഇറാൻ ശ്രമിച്ചാൽ ഈ തീരുമാനം പുനഃപരിശോധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. “അമേരിക്ക ആക്രമിക്കാൻ തീരുമാനിക്കുന്നത് ഏത് ലക്ഷ്യത്തെയും സംരക്ഷിക്കാൻ ഇറാന് കഴിയില്ല. ഇറാൻ ഒരിക്കലും അമേരിക്കയെയും മിഡിൽ ഈസ്റ്റിനെയും ലോകത്തെയും ഭീഷണിപ്പെടുത്താനും കഴിയില്ല” ട്രംപ് പറഞ്ഞു.
ഇതിനിടെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണ ടാങ്കറുകൾക്ക് യുഎസ് നാവികസേന ഉടൻ സുരക്ഷ നൽകുമെന്ന് ട്രംപ് അറിയിച്ചു. ലോകത്തിലെ എണ്ണവിതരണത്തിൻ്റെ ഏതാണ്ട് അഞ്ചിലൊന്നും ഈ കടലിടുക്കിലൂടെ കടന്നുപോകുന്നതിനാൽ മേഖലയിലെ സംഘർഷം ആഗോള വിപണിയെ ആശങ്കയിലാക്കിയിരിക്കുകയാണ്.
അമേരിക്കയും ഇസ്രയേലും ആക്രമണം ശക്തമാക്കിയതോടെ ഇറാൻ ഇസ്രായേൽ ഗൾഫ് രാജ്യങ്ങൾക്കും നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. അതേസമയം ടെഹ്‌റാൻ നഗരത്തിൽ സർക്കാർ അനുകൂലികൾ “ഡെത്ത് ടു അമേരിക്ക, “ഡെത്ത് ടു ഇസ്രയേൽ” എന്നീ മുദ്രാവാക്യങ്ങളുമായി വൻ റാലി സംഘടിപ്പിച്ചു.
ഇതിനിടെ ലെബനനിൽ തുടരുന്ന യുദ്ധത്തിൽ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 12 മെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാൻ്റെ സഖ്യകക്ഷിയായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 773 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്ക USS ട്രിപ്പോളി യുദ്ധക്കപ്പലും ഏകദേശം 2,500 മാരീനുകളുമായി മേഖലയിലേക്ക് വിന്യസിച്ചതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയർന്നിരിക്കുകയാണ്. ബ്രെൻ്റ് ക്രൂഡ് വില 42 അധികമായി ഒരു ബാരലിന് 100 മുകളിലാണ് വ്യാപാരം നടക്കുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാനിൽ നിന്ന് ഏകദേശം 32 ലക്ഷം പേർ കുടിയൊഴിഞ്ഞതായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസി അറിയിച്ചു. ഇറാൻ്റെ ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ 1200ൽ അധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.






