ബർലിൻ: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ശക്തമായ സാഹചര്യത്തിൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക സർക്കാർ വിമാനം ജർമ്മനിയിലെ ബെർലിനിലേയ്ക്ക് മാറ്റിയ സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇസ്രായേൽ സർക്കാരാണ് ഈ നീക്കം നടത്തിയതെന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടു. എന്നാൽ ഈ വിമാനത്തിൽ പ്രധാനമന്ത്രിയെയോ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയോ കൊണ്ടുപോയിട്ടില്ലെന്നതാണ് ഔദ്യോഗിക വിശദീകരണം. അതിനാൽ തന്നെ ഇസ്രയേൽ പ്രധാനമന്ത്രി എവിടെ? എന്ന ചോദ്യം വീണ്ടും ഉന്നയിക്കപ്പെടുകയാണ്.
ഇസ്രായേൽ സർക്കാരിന്റെ ഔദ്യോഗിക വിമാനമായ വിങ് ഓഫ് സയോൺ യുദ്ധസാഹചര്യങ്ങളിൽ രാജ്യത്തിന്റെ പ്രധാന നേതാക്കളെ സുരക്ഷിതമായി യാത്ര ചെയ്യിക്കാൻ രൂപകൽപ്പന ചെയ്ത പ്രത്യേക വിമാനമാണ്. ഇറാൻ ആക്രമണ ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് വിമാനം ജർമ്മനിയിലെ ബെർലിനിലേക്ക് മാറ്റിയത്. ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം, വിമാനം ഇസ്രായേലിൽ നിന്ന് പുറപ്പെട്ട ശേഷം കുറച്ച് സമയം മധ്യധരണ്യ കടലിന് മുകളിലൂടെ ചുറ്റി പറന്നതിനു ശേഷമാണ് ബെർലിനിലെ വിമാനത്താവളത്തിൽ എത്തിയത്. വിമാനത്തിൽ പൈലറ്റും മറ്റ് ക്രൂ അംഗങ്ങളും മാത്രമാണ് ഉണ്ടായിരുന്നതെന്ന് ജർമ്മൻ അധികൃതർ വ്യക്തമാക്കി.
ഇസ്രായേലിന്റെ “എയർഫോഴ്‌സ് വൺ” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വിമാനം ഒരു പരിഷ്‌കരിച്ച Boeing 767-338ER വൈഡ്‌ബോഡി ജെറ്റ് വിമാനമാണ്. ഇസ്രായേൽ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ഈ വിമാനം പ്രത്യേകമായി മാറ്റിപ്പണിതതാണ്. പ്രധാനമന്ത്രി, പ്രസിഡന്റ് തുടങ്ങിയ രാജ്യത്തെ ഉന്നത നേതാക്കളുടെ വിദേശയാത്രകൾക്കും അടിയന്തര സുരക്ഷാ സാഹചര്യങ്ങൾക്കും ഇത് ഉപയോഗിക്കുന്നു. ഏകദേശം 30 കോടി യുഎസ് ഡോളർ (ഏകദേശം 2500 കോടി രൂപ) ചെലവിലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
സാധാരണ യാത്രാവിമാനങ്ങളെക്കാൾ ഏറെ സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിക്കായി പ്രത്യേകം ഓഫീസ്, വിശ്രമത്തിനുള്ള ബെഡ്റൂം സ്യൂട്ട്, ഉന്നതതല യോഗങ്ങൾ നടത്താൻ കഴിയുന്ന മീറ്റിംഗ് റൂം, അടിയന്തര സാഹചര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന പ്രത്യേക കമാൻഡ് സൗകര്യങ്ങൾ എന്നിവ വിമാനത്തിനകത്ത് ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങളും ഉൾപ്പെടുത്തിയതിനാൽ, ആകാശത്തുകൂടി പറക്കുന്നതിനിടെ പോലും സർക്കാർ പ്രവർത്തനങ്ങൾ തുടരാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന.
ഏകദേശം 60 പേർക്ക് യാത്ര ചെയ്യാനാകുന്ന ശേഷിയുള്ള ഈ വിമാനത്തെ സർക്കാർ ആവശ്യങ്ങൾക്കായി മാറ്റിപ്പണിയാൻ വൻ ചെലവാണ് വന്നത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം നൂറുകണക്കിന് കോടി രൂപ ചെലവഴിച്ചാണ് ഈ വിമാനം ആധുനിക സുരക്ഷാ സംവിധാനങ്ങളോടെ ഒരുക്കിയത്. നിലത്തുനിന്ന് തൊടുക്കുന്ന മിസൈലുകളെ തകർക്കാൻ ശേഷിയുള്ള ‘സ്കൈ ഷീൽഡ്’ മിസൈൽ ഡിഫൻസ് സംവിധാനം, അതീവ രഹസ്യസ്വഭാവമുള്ള ആശയവിനിമയങ്ങൾ തടസ്സമില്ലാതെ നടത്താനാവുന്ന റാഡോം സാങ്കേതികവിദ്യ തുടങ്ങിയ അത്യാധുനീക സൗകര്യങ്ങൾ ഈ വിമാനത്തിലുണ്ട്.
ഇന്ധനം നിറയ്ക്കാതെ തന്നെ 11,000 കിലോമീറ്റർ വരെ പറക്കാൻ ഈ വിമാനത്തിന് സാധിക്കും. അതായത് ഇസ്രയേലിൽ നിന്ന് നേരിട്ട് ചൈനയിലേക്കോ യുഎസിലേക്കോ ബ്രസീലിലേക്കോ പറക്കാൻ ഇതിനാകും. ഒരു വർഷം ഈ വിമാനം പറപ്പിക്കാൻ മാത്രം 4 കോടി ഷെക്കൽ (ഏകദേശം 90 കോടി രൂപ) ആവശ്യമാണ്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായ സമയങ്ങളിൽ പ്രധാന സർക്കാർ സൗകര്യങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നത് പല രാജ്യങ്ങളും സ്വീകരിക്കുന്ന പതിവ് തന്ത്രമാണ്. അതിനാൽ തന്നെ വിമാനം ജർമ്മനിയിലേക്ക് മാറ്റിയ നടപടി യുദ്ധഭീഷണി കണക്കിലെടുത്തുള്ള മുൻകരുതൽ നീക്കമായിരിക്കാമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.
അതേസമയം ഈ സംഭവവികാസം പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം എത്രത്തോളം ഗുരുതര ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് എന്നതിന്റെ തെളിവുകൂടിയാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നു. അതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സംബ്ന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളുടെ നിജസ്ഥിതി ഇനിയും പിടുത്തമില്ലാതെ തുടരുന്നു.
















































