തിരുവനന്തപുരം: ഗണേഷ് കുമാർ വിഷയത്തിൽ വർഷങ്ങൾക്കു മുൻപ് ആദ്യ ഭാര്യയുമായുണ്ടായ പ്രശ്നത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്വീകരിച്ച നിലപാട് തന്നെ പിണറായിയും സ്വീകരിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതും നിർണായക മന്ത്രിസഭായോഗം ചേരുന്നതിനിടെ.
അതേസമയം മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ ഭാര്യ ഉന്നയിച്ച ആരോപണത്തിൽ ഗണേഷ് കുമാറിന്റെ രാജി സർക്കാർ ആവശ്യപ്പെട്ടേക്കുമെന്ന് സൂചനകൾ പുറത്തുവരുന്നുണ്ട്. ഈ വിഷയത്തിൽ ഇടതുമുന്നണി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സാഹചര്യം ഗണേഷ് കുമാറിന് എതിരായിമാറിയത്. ഇതിനിടെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ ഗണേഷ് കുമാർ വാളകത്തെ വീട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഈ വിഷയത്തിൽ മുന്നണിയിലെ മുതിർന്ന നേതാക്കളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ, ന്യായീകരണത്തിനും സംരക്ഷണത്തിനും നിൽക്കാതെ ഗണേഷിനെ മാറ്റിനിർത്തുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് നേതാക്കൾ അറിയിച്ചത്. മാത്രമല്ല സിപിഐ വിഷയം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉന്നയിക്കുമെന്നാണ് സൂചന. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകും. എന്നാൽ തലസ്ഥാനത്ത് എത്തുന്ന ഗണേഷ് കുമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.
പക്ഷെ ഇന്ന് മുഖ്യമന്ത്രിയും മന്ത്രി ഗണേഷ് കുമാറും തമ്മിൽ കൂടിക്കാഴ്ച നടക്കുമെന്നും റിപ്പോർട്ടുണ്ട്. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പരാതി നൽകിയാൽ കേസെടുക്കുമെന്നാണ് പോലീസ് നിലപാട്. എന്നാൽ നിലവിൽ നിയമപരമായി നീങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അവർ കഴിഞ്ഞദിവസംവരെ പറഞ്ഞത്. ഈ നിലപാട് മാറ്റുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് ഫോട്ടോ അടക്കമുള്ള തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് ബിന്ദു മേനോൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതിനിടെ, ഗണേഷിന് എതിരായ ദൃശ്യങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ടെന്നും സൂചനയുണ്ട്. അങ്ങനെ പുറത്തുവന്നാൽ നിയമപരമായ നടപടികളിലേക്ക് കാര്യങ്ങൾ നീങ്ങാനും സാഹചര്യം കൂടുതൽ സങ്കീർണമാകാനും ഇടയുണ്ട്. ഇത്തരം സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടാണ് രാജിവെച്ച് സർക്കാരിന്റെ മുഖംരക്ഷിക്കുന്നതാണ് ഉചിതം എന്ന നിലാപാടിലേക്ക് ഇടതുമുന്നണി എത്തിയിരിക്കുന്നത്.
















































