കൊച്ചി: ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുട്ടിനു മുകളിൽവച്ചു മുറിച്ചു മാറ്റേണ്ടി വന്ന ഒൻപത് വയസുകാരി വിനോദിനിക്ക് 21 വയസാകുന്നതു വരെ മുഴുവൻ ചികിത്സാ- വിദ്യാഭ്യാസ ചെലവുകൾ സർക്കാർ വഹിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കുട്ടിയുടെ കൈ നഷ്ടപ്പെട്ടത് ഭാവിയിൽ ജോലി കിട്ടുന്നതിന് തടസമാകരുതെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.
സർക്കാർ ആശുപത്രിയിലുണ്ടായ ഗുരുതര ചികിത്സാ പിഴവിന്റെ ഇരയാണ് കുട്ടിയെന്നും ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുടെ വ്യക്തമാക്കി. തൃശൂർ സ്വദേശിയായ പി.ഡി. ജോസഫ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതി നടപടി. കുറ്റക്കാരായവർക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു.
കഴിഞ്ഞ സെപ്റ്റംബർ 24നാണ് സഹോദരന് ഒപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് കൈയ്ക്ക് പരുക്കു പറ്റുന്നത്. അന്നു തന്നെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിർദേശം. ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കയ്യിൽ നീർക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടി വന്നത്.
പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് വിനോദിനിക്ക് 2 ലക്ഷം രൂപ ചികിത്സാ സഹായമായി സർക്കാർ അനുവദിച്ചത്. കുട്ടിയുടെ നിലവിലെ സ്ഥിതി ചൂണ്ടിക്കാട്ടി തുടർചികിത്സയും സർക്കാർ സഹായവും ലഭിക്കുന്നതിനായി കെ. ബാബു എംഎൽഎ വഴി സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തുക അനുവദിച്ചത്. എങ്കിലും കുട്ടിക്ക് കൃത്രിമകൈ വെക്കുന്ന കാര്യത്തിൽ സർക്കാർ മൗനം പാലിച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കുട്ടിക്ക് കൃത്രിമകൈ വാഗ്ദാനം ചെയ്തത്.
അതേസമയം കുട്ടികളെ ഉൾപ്പെടെ പരുക്കുകൾ ചികിത്സിക്കാൻ സർക്കാർ ആശുപത്രിയിൽ ഒരു സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ’ (എസ്ഒപി) ഉണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഈ എസ്ഒപി നടപ്പിൽ വരുത്തണമെന്നും ഇത് നിലവിൽ ഇല്ലെങ്കിൽ എത്രയും വേഗം രൂപം കൊടുക്കണമെന്നും കോടതി നിർദേശിച്ചു.
















































