തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ പോലീസിനെയും മുഖ്യമന്ത്രിയെയും രൂക്ഷഭാഷയിൽ വിമർശിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
പോലീസ് സംഭവസ്ഥലത്തെത്തിയിട്ടും പരാതിക്കാരിയെ സഹായിക്കാതെ അവരെ ഉപേക്ഷിച്ചു മടങ്ങിപ്പോയത് പരിതാപകരമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ ഭാര്യയായതുകൊണ്ട് പോലീസ് പേടിച്ച് ഓടിയതാണോ എന്ന് അദ്ദേഹം പരിഹസിച്ചു.
സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഈ മന്ത്രിസഭയ്ക്ക് ഇത്തരം സംഭവങ്ങൾ നാണക്കേടാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ കേരളത്തിലെ ജനങ്ങളോട് മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോനെ മുറിയിൽ അടച്ചുപൂട്ടി. അവർ പോലീസിനെ വിളിക്കുകയും പോലീസ് എത്തുകയും ചെയ്തു. എന്നിട്ട് പോലീസ് എന്താണ് ചെയ്തത്. ബിന്ദു മേനോന് എന്താണ് പറ്റിയത്, അവരെ ആരെങ്കിലും ആക്രമിച്ചോ, അവർക്ക് പരിക്കേറ്റോ ഇതൊന്നും അന്വേഷിക്കുകയോ അവരെ അവിടെ നിന്ന് രക്ഷപ്പെടുത്താനോ പോലീസ് ശ്രമിച്ചില്ല. ഏത് സ്ത്രീക്കാണ് ഈ പോലീസിനെ കൊണ്ട് സുരക്ഷ കിട്ടുന്നത്. പരാതിക്കാരിയായ സ്ത്രീയെ പോലീസ് ഉപേക്ഷിച്ച് പോകുകയാണ്.
ഇത് എന്തൊരു പരിതാപകരമായ അവസ്ഥയാണെന്നും ഇത് എന്തൊരു മന്ത്രിസഭയാണെന്നും വി.ഡി. സതീശൻ ചോദിച്ചു. ഇവർക്ക് നാണമില്ലെങ്കിലും കേൾക്കുന്നവർക്ക് നാണമായിട്ട് വയ്യെന്നും അദ്ദേഹം പരിഹസിച്ചു.
















































