ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും വലിയ നേട്ടങ്ങൾ – ലോകകപ്പ് വിജയങ്ങൾ – എന്നും ആരാധകരുടെ ആവേശമാണ്. 1983-ലെ കപിൽ ദേവിന്റെ ‘ഡെവിൾസ്’ മുതൽ 2024-ലെ രോഹിത് ശർമയുടെ “ഇൻവിൻസിബിൾ” ടീം വരെ, ഈ വിജയങ്ങൾ ചരിത്രത്തിലെ സുവർണ്ണ അധ്യായങ്ങളാണ്. എന്നാൽ ഈ വിജയങ്ങളോടൊപ്പം ഒരു കൗതുകകരമായ ‘അന്ധവിശ്വാസവും’ ഉണ്ട്: ഇന്ത്യ ലോകകപ്പ് ജയിക്കുമ്പോഴെല്ലാം ടീമിൽ ഒരു മലയാളി സാന്നിധ്യം ഉണ്ടായിരുന്നു! മറ്റൊരു തരത്തിൽ പറഞ്ഞാൽ ടീമിൽ മലയാളി ഉള്ളപ്പോഴെല്ലാം ഇന്ത്യ കപ്പ് നേടിയിട്ടുണ്ട്. എന്നാൽ മലയാളി ഇല്ലാതെ ഇതുവരെ വിജയിക്കാനും ആയിട്ടില്ല.
സുനിൽ വൽസൺ (1983), എസ്. ശ്രീശാന്ത് (2007, 2011), സഞ്ജു സാംസൺ (2024, 2026) – ഇവരാണ് ഇതുവരെയുള്ള ആ ‘മലയാളി ഫാക്ടർ’ അല്ലെങ്കിൽ ‘മല്ലു മാജിക്’… ഇത് യാദൃച്ഛികമോ, അതോ ഭാഗ്യമോ ?
1983 ഏകദിന ലോകകപ്പ്: കപിലിന്റെ ഡെവിൾസ് ലോകത്തെ ഞെട്ടിച്ചപ്പോൾ സുനിൽ വൽസൺ സ്ക്വാഡിലുണ്ടായിരുന്നു. കണ്ണൂർ വേരുകളുള്ള ലെഫ്റ്റ് ആം മീഡിയം പേസർ വൽസൺ ടൂർണമെന്റിലെ ഏക നോൺ- പ്ലേയിങ് മെമ്പറായിരുന്നു. ഒരു മത്സരം പോലും കളിച്ചില്ലെങ്കിലും, 14 അംഗ ടീമിന്റെ ഭാഗമായ അദ്ദേഹത്തിന്റെ സാന്നിധ്യം കേരള ക്രിക്കറ്റിന്റെ കൂടി അഭിമാനമായി. അന്ന് ഫുട്ബോൾ ഭ്രാന്തുള്ള കേരളത്തിൽ ക്രിക്കറ്റ് വളരെ പിന്നിലായിരുന്നു, എന്നിട്ടും ഈ മലയാളി യുവാവ് ലോകകപ്പ് സ്ക്വാഡിലെത്തിയത് ചരിത്രമായി.
പിന്നീട് ഇന്ത്യൻ ഒരു ക്രിക്കറ്റ് ലോകകപ്പ് നേടുന്നത് 2007ലാണ്. ടി20 ലോകകപ്പ്, ദക്ഷിണാഫ്രിക്കയിൽ വച്ച് നടന്ന ആദ്യ ടി20 ലോകകപ്പിൽ എംഎസ് ധോണിയുടെ യുവതാരങ്ങൾ പാക്കിസ്ഥാനെ തോൽപ്പിച്ച് കപ്പ് ഉയർത്തി. കൊച്ചി സ്വദേശി ശ്രീശാന്ത് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ 2 വിക്കറ്റുകൾ (ഗിൽക്രിസ്റ്റ്, ഹെയ്ഡൻ) വീഴ്ത്തി ഫൈനലിലേക്കുള്ള യാത്രയിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു. ഫൈനലിൽ മിസ്ബാ-ഉൽ-ഹഖിന്റെ അവസാന ക്യാച്ച് എടുത്ത് ലോകകപ്പ് നേടുന്നതിൽ തന്റെ പങ്ക് വ്യക്തമാക്കി തന്നെയാണ് ശ്രീശാന്ത് ആ ടൂർണമെന്റ് തന്റേത് കൂടിയാക്കിയത്. ശ്രീശാന്തിന്റെ ആക്രമണാത്മക ബോളിങ് കേരള യുവാക്കളെ ക്രിക്കറ്റിലേക്ക് ആകർഷിക്കുന്നതിലും പിന്നീട് നിരവധി മികച്ച താരങ്ങളുടെ ഉദയത്തിനും കാരണമാവുകയും ചെയ്തു.
അടുത്തത് 2011 ഏകദിന ലോകകപ്പ്- 28 വർഷത്തിന് ശേഷം വീണ്ടും ഏകദിന ലോകകപ്പ് ചാമ്പ്യൻമാർ – വാംഖഡെയിൽ ധോണിയുടെ ഫിനിഷ് ചെയ്ത ടൂർണമെന്റിൽ ശ്രീശാന്ത് വീണ്ടും സ്ക്വാഡിലുണ്ടായിരുന്നു. പരുക്ക് മൂലം പ്രവീൺ കുമാർ ഔട്ടായപ്പോൾ എത്തിയ അദ്ദേഹം ഗ്രൂപ്പ് മത്സരങ്ങളിൽ കളിച്ചു, ഫൈനലിൽ കളിച്ചില്ലെങ്കിലും ടീമിന്റെ പോസിറ്റീവ് എനർജി ആയിരുന്നു. രണ്ട് ലോകകപ്പ് ട്രോഫികൾ ഉയർത്തിയ ശ്രീശാന്ത് കേരള ക്രിക്കറ്റിന്റെ സ്വർണ്ണകാലത്തിന്റെ പ്രതീകമായി.
പിന്നീട് ദീർഘകാലം മലയാളി ഇല്ലാതെയാണ് ഇന്ത്യൻ ടീം ലോകകപ്പിന് എത്തിയത്. ഫലം സ്വാഭാവികം. മികച്ച ടീമുകൾ ആയിരുന്നിട്ടും വിജയം മാത്രം വന്നില്ല. ഒടുവിൽ വീണ്ടും ഒരു മലയാളി ടീമിൽ എത്തുന്നത് 2024 ടി20 ലോകകപ്പിലാണ്, അതോടെ 11 വർഷത്തിന് ശേഷം വീണ്ടും ICC ട്രോഫി നേടുകയും ചെയ്തു. വെസ്റ്റ് ഇൻഡീസിൽ നടന്ന ടൂർണമെന്റിൽ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സഞ്ജു സാംസൺ ആയിരുന്നു സ്ക്വാഡിലുണ്ടായിരുന്നത്. റിഷഭ് പന്തിനൊപ്പം ബാക്കപ്പ് വിക്കറ്റ് കീപ്പറായ സഞ്ജു 1983 ലെ സുനിൽ വത്സനെപോലെ ഒരു മത്സരം പോലും കളിച്ചില്ലെങ്കിലും ടീമിന്റെ ‘ലക്കി ചാം’ ആയി തന്നെ വിശേഷിപ്പിക്കപ്പെട്ടു.
ഈ ബന്ധം യാദൃച്ഛികമാണോ? കേരള ക്രിക്കറ്റ് പ്രേമികൾക്കിടയിൽ “ഇന്ത്യ ജയിക്കാൻ ഒരു മലയാളി ടീമിലുണ്ടാകണം” എന്ന വർത്തമാനം വൈറലാണ്. സോഷ്യൽ മീഡിയയിൽ ‘മല്ലു മാജിക്’ ഹാഷ്‌ടാഗുകൾ ട്രെൻഡ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഫുട്ബോൾ ഡോമിനന്റ് സംസ്ഥാനമായ കേരളത്തിൽ നിന്ന് ക്രിക്കറ്റിലേക്ക് വന്ന ഈ താരങ്ങൾ – വൽസനിൽ നിന്ന് സഞ്ജുവരെ – സംസ്ഥാനത്തിന്റെ ക്രിക്കറ്റ് വളർച്ചയെ പ്രതിനിധീകരിക്കുന്നു. ഇത് ഭാഗ്യമോ പ്രചോദനമോ എന്ന് വിവാദമുണ്ടെങ്കിലും, ഒരു കാര്യം ഉറപ്പ്, ഇന്ത്യയുടെ ഓരോ ലോകകപ്പ് വിജയത്തിനും പിന്നിൽ ഒരു മലയാളി സാന്നിധ്യമുണ്ട്. ഇന്ന് നടക്കുന്ന ഫൈനലിലും ഈ ‘ട്രെൻഡ്’ തുടരുമോ? സഞ്ജു പോലുള്ള താരങ്ങൾ പ്രതീക്ഷ നൽകുന്നു.














































