വാഷിങ്ടൺ: ട്രംപ്, ബൈഡൻ, നിക്കി ഹാലി…വധിക്കാൻ ഇറാൻ പദ്ധതിയിട്ടതായി അമേരിക്കയിൽ ഭീകരാക്രമണ ശ്രമക്കേസിൽ വിചാരണ നേരിടുന്ന പാക്കിസ്ഥാൻ വ്യവസായി ആസിഫ് മർച്ചന്റ്. കോടതിയിൽ നൽകിയ മൊഴിയിലാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. 2024-ൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അംഗം തന്നെ സമീപിച്ച് ഡോണൾഡ് ട്രംപ്, ജോ ബൈഡൻ, മുൻ യുഎൻ അംബാസഡർ നിക്കി ഹാലി എന്നിവരെ കൊല്ലാനുള്ള ഗൂഢാലോചനയിൽ പങ്കെടുപ്പിച്ചുവെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു.
ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തൊല്ല അലി ഖമനേയിയുടെ കാലത്ത് ശക്തിപ്പെട്ട IRGCയെ അമേരിക്ക വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇപ്പോൾ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈ മൊഴി പുറത്തുവന്നത്.ന്യൂയോർക്കിൽ നടന്ന വിചാരണയ്ക്കിടെ ഉർദു വിവർത്തകന്റെ സഹായത്തോടെ നൽകിയ മൊഴിയിൽ, “എന്റെ കുടുംബത്തിന് ഭീഷണി ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ ഇത് ചെയ്യേണ്ടിവന്നത്,” എന്നാണ് മർച്ചന്റ് ജൂറിമാരോട് പറഞ്ഞത്.
അതേസമയം 2024 ജൂലൈ 12-നാണ് മർച്ചന്റിനെ അറസ്റ്റ് ചെയ്തത്. യഥാർത്ഥത്തിൽ രാഷ്ട്രീയ നേതാക്കളെ നേരിട്ട് കൊലപ്പെടുത്താനുള്ള ചുമതല അദ്ദേഹത്തിനില്ലായിരുന്നു. എന്നാൽ ട്രംപിന്റെ യാത്രകളും പൊതുസമ്മേളനങ്ങളും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും, കൊലപാതകം നടത്താൻ ആളുകളെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ഇതിന് വേണ്ടി രണ്ടുപേരെ ‘ഹിറ്റ്‌മാൻ’മാരായി കണ്ടെത്തി ഏകദേശം 5,000 ഡോളർ നൽകാനായി ബന്ധുവിൽ നിന്ന് പണം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. എന്നാൽ പിന്നീട് ആ ‘ഹിറ്റ്‌മാൻ’മാർ യഥാർത്ഥത്തിൽ എഫ്ബിഐയുടെ അണ്ടർകവർ ഏജന്റുമാരാണെന്ന് തെളിഞ്ഞതോടെ പദ്ധതി പരാജയപ്പെട്ടു.
പ്രോസിക്യൂട്ടർമാർ കോടതിയിൽ വാദിച്ചത്, മർച്ചന്റ് തന്റെ കഥ പറഞ്ഞതുപോലെ നിർബന്ധിതനായിരുന്നു എങ്കിൽ അറസ്റ്റിനു മുമ്പ് തന്നെ നിയമസംരക്ഷണ ഏജൻസികളെ സമീപിക്കാമായിരുന്നുവെന്നാണ്. എന്നാൽ അതിന് മറുപടിയായി “അവർ എന്നെ ഒരു സൂപ്പർ സ്പൈ ആയി കരുതുമെന്ന് തോന്നി, അതുകൊണ്ട് ആരെയും സമീപിച്ചില്ല,” എന്നും മർച്ചന്റ് മറുപടി നൽകി.
അതേസമയം പാക്കിസ്ഥാനിൽ ഏകദേശം 20 വർഷം ബാങ്കിംഗ് മേഖലയിലുണ്ടായിരുന്ന മർച്ചന്റ് പിന്നീട് വസ്ത്രവ്യാപാരം, കാർ വിൽപ്പന, വാഴപ്പഴം കയറ്റുമതി, ഇൻസുലേഷൻ ഇറക്കുമതി തുടങ്ങിയ വിവിധ ബിസിനസ്സുകളിൽ പ്രവർത്തിച്ചിരുന്നതായി കോടതിയിൽ അറിയിച്ചു. 2022-ൽ അമേരിക്കയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രകളാണ് IRGC ബന്ധത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയതെന്നും പിന്നീട് പണം വെളുപ്പിക്കൽ ഉൾപ്പെടെ വിവിധ ജോലികൾ നൽകപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കോടതിയിൽ നൽകിയ രേഖകൾ പ്രകാരം മർച്ചന്റിന് രണ്ട് കുടുംബങ്ങളുണ്ട്, ഒന്ന് പാക്കിസ്ഥാനിലും മറ്റൊന്ന് ഇറാനിലും. ഇറാനിലുള്ള കുടുംബത്തെ ഭീഷണിപ്പെടുത്തിയതിനാലാണ് താൻ കൊലപാതക പദ്ധതിയിൽ പങ്കെടുത്തതെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.

















































