ദുബായ്: ഇറാന്‍റെ ഭാഗത്ത് നിന്നും തുടർച്ചയായ മിസൈൽ-, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായാൽ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അൽ ഹാഷിമി മുന്നറിയിപ്പ് നൽകി. ‘സിഎൻഎന്നി’ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി യുഎഇയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്.
‘ഇത്തരത്തിലുള്ള മിസൈൽ വർഷങ്ങൾക്ക് ഇരയായിക്കൊണ്ട് ഞങ്ങൾ ഇനി കൈകെട്ടി നോക്കിനിൽക്കില്ല. സ്വയം പ്രതിരോധിക്കാൻ ഞങ്ങൾ പൂർണ്ണ സജ്ജരാണ്. സാഹചര്യം അവിടം വരെ എത്തരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ ആവശ്യം വന്നാൽ യുഎഇ കൂടുതൽ ആക്രമണാത്മകമായ നിലപാടിലേക്ക് മാറും,’ റീം അൽ ഹാഷിമി വ്യക്തമാക്കി. അയൽരാജ്യം എന്ന നിലയിൽ യുഎഇ എന്നും മാന്യമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കേണ്ടത് ഇറാനാണെന്നും അവർ കൂട്ടിച്ചേർത്തു.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണ് യുഎഇയുടേത്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും രാജ്യം സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ശനിയാഴ്ച രാത്രി മാത്രം ഇറാൻ 137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളുമാണ്യുഎഇക്ക് നേരെ തൊടുത്തുവിട്ടതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അബുദാബിയെയും വിനോദസഞ്ചാര-സാമ്പത്തിക കേന്ദ്രമായ ദുബായിയെയും ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണങ്ങൾ. യുഎഇയുടെ ശക്തമായ അടിസ്ഥാന സൗകര്യങ്ങളും പ്രതിരോധ നിരയും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി റീം അൽ ഹാഷിമി ഉറപ്പുനൽകി.
















































