കാബൂൾ: പാക് -അഫ്ഗാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ പാക്കിസ്ഥാൻ ആക്രമിക്കാൻ താലിബാൻ ചാവേർപ്പടയെ സജ്ജമാക്കിയതായി റിപ്പോർട്ട്. പാക്കിസ്ഥാൻ അഫ്ഗാനിസ്താനിൽ കനത്ത വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് താലിബാൻ തങ്ങളുടെ ചാവേർപ്പടയെ ആക്രമണത്തിനായി സജ്ജമാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
അഫ്ഗാനിസ്താനിൽനിന്നുള്ള ‘ബക്ഥർ ന്യൂസ് ഏജൻസി’യാണ് താലിബാന്റെ ചാവേർപ്പടയുടെ ചിത്രം പുറത്തുവിട്ടത്. ചാവേർപ്പോരാളികളായ സംഘം സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച പ്രത്യേക യൂണിഫോം ധരിച്ച് കാർ ബോംബും സഹിതം സജ്ജരായിരിക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അതേസമയം, പാക് അതിർത്തിയായ ഡ്യൂറണ്ട് ലൈനിലെ വിവിധഭാഗങ്ങളിൽ താലിബാന്റെ സൈനികനീക്കങ്ങൾ നടന്നുവരികയാണെന്ന് താലിബാൻ വക്താവ് ഹംദുള്ള ഫിത്‌റത്ത് വാർത്താ ഏജൻസിയോട് വ്യക്തമാക്കി. പക്തിയ, പക്തിക, ഖോസ്ത് തുടങ്ങിയ അതിർത്തിമേഖലകളിൽ പാക്കിസ്ഥാനെതിരേ അതി തീവ്രമായ പ്രത്യാക്രമണമാണ് നടത്തുന്നതെന്നും താലിബാൻ വക്താവ് അവകാശപ്പെട്ടു.
ഇതിനിടെ അഫ്ഗാനുമായി തുറന്നയുദ്ധം പ്രഖ്യാപിച്ച . പാക്കിസ്ഥാൻ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ വൻ നാശനഷ്ടങ്ങളുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിസ്താനിലെ പ്രധാന നഗരങ്ങളെയെല്ലാം ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയതെന്നാണ് വിവരം. കൂടാതെ അതിർത്തിയിൽ താലിബാന്റെ സൈനികപോസ്റ്റുകൾക്ക് നേരേ കരയാക്രമണം നടത്തിയതായും റിപ്പോർട്ടുകളിൽ പറയുന്നു. അതിനിടെ, സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ താലിബാൻ സൈനികപോസ്റ്റിൽനിന്ന് സമാധാനത്തിനായി വെള്ളക്കൊടി വീശിയതായും പാക് മാധ്യമങ്ങൾ അവകാശപ്പെടുന്നു.
അതേസമയം അഫ്ഗാനിലെ കാബൂൾ, കാണ്ഡഹാർ, പക്തിയ തുടങ്ങിയ മേഖലകളിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയതായി താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് സ്ഥിരീകരിച്ചിട്ടുണ്ട്. കാബൂളിലെ വിവിധയിടങ്ങളിൽ തീയും പുകയും നിറഞ്ഞ നിലയിലുള്ള ദൃശ്യങ്ങളും പുറത്തുവന്നു. അഫ്ഗാനിസ്താനെതിരായ പാക്കിസ്ഥാന്റെ ആക്രമണം തുടരുകയാണെന്നായിരുന്നു പാക് സർക്കാർ വക്താവായ മുഷറഫ് സൈദിയുടെ പ്രതികരണം. യാതൊരു പ്രകോപനവുമില്ലാതെ അഫ്ഗാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നും സൈദി കൂട്ടിച്ചേർത്തു. പക്തിയ പ്രവിശ്യയിലെ താലിബാന്റെ ആസ്ഥാനമന്ദിരത്തിന് നേരേയും ആക്രമണം നടത്തിയതായ് പാക്കിസ്ഥാൻ അവകാശപ്പെട്ടു.
ഇതിനിടെ, പാക്- അഫ്ഗാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്‌നപരിഹാരത്തിന് സഹായം വാഗ്ദാനംചെയ്ത് ഇറാൻ രംഗത്തെത്തി. അഫ്ഗാനും . പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം പരിഹരിക്കാനുള്ള ചർച്ചകൾ സുഗമമാക്കാൻ എന്തുസഹായവും ചെയ്യാമെന്നായിരുന്നു ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം. അമേരിക്ക ഏതുനിമിഷവും ഇറാൻ ആക്രമിക്കാൻ തയാറായി നിൽക്കുമ്പോഴാണ് സഹായ വാഗ്ദാനമെന്നതും ശ്രദ്ധേയം.
അതേസമയം . പാക്കിസ്ഥാനി താലിബാൻ എന്നറിയപ്പെടുന്ന ‘തെഹ്‌രീകെ താലിബാൻ . പാക്കിസ്ഥാനെ’ (ടിടിപി) നിയന്ത്രിക്കാൻ താലിബാൻ ഭരണകൂടം തയ്യാറാകുന്നില്ലെന്ന് ആരോപിച്ചാണ് അഫ്ഗാനിസ്താന് നേരേ ആക്രമണം ആരംഭിച്ചത്. പാക്കിസ്ഥാനിലെ സൈനിക കേന്ദ്രങ്ങളിടക്കം ആക്രമണം നടത്തിയ പാക്കിസ്ഥാനി താലിബാനെ സംരക്ഷിക്കുന്നത് താലിബാൻ ഭരണകൂടമാണെന്നാണ് ആരോപണം. ഇതേച്ചൊല്ലി കഴിഞ്ഞ ഒക്ടോബർ മുതൽ പാക്കിസ്ഥാനും അഫ്ഗാനിസ്താനും തമ്മിൽ അതിർത്തിയിൽ നിരന്തരം സംഘർഷമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പാക്‌സേന അഫ്ഗാനിസ്താന് നേരേ വീണ്ടും ആക്രമണത്തിനു തുടക്കമിട്ടത്.















































